
കൊല്ലം: കണ്ണൂരിലെ അഴീക്കൽ പോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് ചരക്ക് ഉറപ്പായാൽ കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ തീരദേശ കപ്പൽ സർവീസ് ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ കൊച്ചി, ബേപ്പൂർ, അഴീക്കൽ പോർട്ടുകളെ ബന്ധിപ്പിച്ചുള്ള സർവീസിനാണ് ആലോചന. ചരക്ക് ലഭിച്ചാൽ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേക്കും സർവീസ് നടത്തും.
വയനാടിനോട് ചേർന്നു കിടക്കുന്ന കർണാടക മേഖലയിലെ കാപ്പി ഉത്പാദകർ കാസർകോടും പിന്നിട്ട് മംഗലാപുരം പോർട്ടിൽ എത്തിച്ചാണ് കൊച്ചിയിലക്ക് ചരക്ക് അയയ്ക്കുന്നത്. ദൂരം കുറവുള്ള അഴീക്കൽ പോർട്ടിൽ ചരക്ക്എത്തിച്ചാൽ, അവിടെ നിന്ന് കൊച്ചിയിലേക്ക് കപ്പലിൽ കൊണ്ടുവരാൻ കഴിയും.
ഗുജറാത്തിൽ നിന്ന് കൊച്ചിയിൽ എത്തുന്ന ടൈൽസ് ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്ക് സ്ഥിരമായി കൊണ്ടുപോകാൻ കരാറായിട്ടുണ്ട് . മടക്കയാത്രയിൽ അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകാൻ സ്ഥിരം ചരക്കില്ല.
കപ്പൽ കാലിയായി മടങ്ങിയാൽ സർവീസ് തുടരാൻ കഴിയില്ല.അതിനൊരു പരിഹാരമായാണ് കാപ്പി കൊണ്ടുവരാൻ ശ്രമിക്കുന്നത്.
തീരദേശ കപ്പൽ സർവീസിന് കേരള മാരിടൈം ബോർഡ് ക്ഷണിച്ച താല്പര്യപത്രത്തിൽ മുംബയ് ആസ്ഥാനമായുള്ള ഭാരത് ഫ്രെയിറ്റ് സർവീസുമായി പ്രാഥമിക ധാരണയായിട്ടുണ്ട്.
നാലുവർഷം മുമ്പ് കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ പോർട്ടുകളെ ബന്ധിപ്പിച്ച് തീരദേശ ചരക്ക് സർവീസ് ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് എല്ലാ പോർട്ടുകളിലേക്കും ചരക്ക് ലഭിച്ചിരുന്നു. കൊച്ചിയിലേക്ക് മറ്റ് പോർട്ടുകളിൽ നിന്ന് ചരക്ക് ലഭിക്കാത്തതിനാൽ സർവീസ് നിലയ്ക്കുകയായിരുന്നു.
മടക്കച്ചരക്ക് ഉറപ്പാക്കാൻ ചർച്ച
കർണാടകയിലെ കാപ്പിപ്പൊടി ഉല്പാദകരുമായി ചർച്ച. കാപ്പി റോഡ് മാർഗം അഴീക്കലിൽ എത്തിച്ച് കപ്പലിൽ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിന് ആലോചന. റോഡിൽ കണ്ടെയ്നർ ലോറികളുടെ ബാഹുല്യം കുറയ്ക്കാൻ കഴിയും.
അന്തരീക്ഷ മലിനീകരണം കുറയും.ചെറുകിട തുറമുഖങ്ങൾ സജീവമാകും
കോഫി ഉല്പാദകരുമായി ചർച്ച നടക്കുകയാണ്. കുറച്ചധികം ഉല്പാദകരെങ്കിലും തയ്യാറായാൽ തീരദേശ കപ്പൽ സർവീസ് വൈകാതെ ആരംഭിക്കും.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |