
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണസാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മോക് ഡ്രിൽ സംസ്ഥാനത്ത് ഇന്നലെ 126കേന്ദ്രങ്ങളിൽ നടന്നു. ഇന്ത്യൻ സംയുക്ത സേന പാകിസ്ഥാനിലെ ഒൻപത് കേന്ദ്രങ്ങളിൽ നടത്തിയ തിരിച്ചടി വാർത്തകൂടി വന്നതോടെ ആവേശഭരിതരായാണ് ജനങ്ങൾ മോക് ഡ്രില്ലിൽ പങ്കെടുത്തത്.
ദുരന്തനിവാരണ സേന,പൊലീസ്,അഗ്നിശമന സേന,വളന്റിയർമാർ, റെവന്യു,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡ്രിൽ.വൈകിട്ട് നാലിന് 30സെക്കൻഡ് നീളുന്ന മൂന്ന് സൈറണുകൾ മുഴങ്ങിയതോടെയായിരുന്നു തുടക്കം.തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിട്ടി ആസ്ഥാനത്ത് ആദ്യം സൈറൺ മുഴങ്ങി.രണ്ടുമിനിട്ടിനകം എല്ലാ ജില്ലകളിലും സൈറണുകൾ തുടർന്നു.ചിലയിടങ്ങളിൽ സൈറൺ പ്രവർത്തിക്കാതിരുന്നത് ആശയകുഴപ്പമുണ്ടാക്കി.4.28ന് മോക്ക് ഡ്രിൽ പൂർത്തിയായതായി അറിയിച്ചുള്ള സൈറണും മുഴങ്ങി. തീപിടിത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളും പരിക്കേറ്റവരെ എത്രയും പെട്ടെന്ന് രക്ഷിക്കാനുള്ള നടപടികളും ആക്രമണ സാദ്ധ്യതയിൽ നിന്ന് സ്വയം ഒഴിവാകാൻ സ്വീകരിക്കേണ്ട മുൻകരുതലുകളുമാണ് പരീക്ഷിച്ചത്.
നിശ്ചിത കേന്ദ്രങ്ങളിലാണ് ഡ്രിൽ നടത്തിയതെങ്കിലും സൈറൺ കേട്ടും ഡ്രിൽ വാർത്തയറിഞ്ഞും സ്വകാര്യ ഓഫീസുകളിലും വീടുകളിലും ആളുകൾ ലൈറ്റ് അണച്ചും സുരക്ഷിതരായി ഇരുന്നും അനുഭാവം പ്രകടിപ്പിച്ചു.
സെക്രട്ടേറിയറ്റിലെ നിയന്ത്രണം
തലസ്ഥാനത്ത് സൈറൺ മുഴങ്ങിയ ഉടനെ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണം പൊലീസും ഫയർഫോഴ്സും ഏറ്റെടുത്തു.ജീവനക്കാർ ലൈറ്റുകൾ അണച്ച് അകത്തിരുന്നു.മന്ത്രിമാരുടെ ഓഫീസുകളുൾപ്പെടെ അത് നടപ്പാക്കി. ലുലുമാളിൽ തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ഫയർഫോഴ്സ് പരീക്ഷിച്ചു. ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തും വിഴിഞ്ഞത്തും വി.എസ്.എസ്.സിയിലും ബ്രഹ്മോസിലും മോക് ഡ്രിൽ നടത്തി.എറണാകുളത്ത് കളക്ട്രേറ്റ്,മെട്രോ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലും കോഴിക്കോട്ട് ബസ് സ്റ്റാൻഡ് ഉൾപ്പെടെ ആറിടങ്ങളിലും മോക് ഡ്രിൽ നടന്നു.സ്കൂളുകളിലും മോക് ഡ്രിൽ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |