
ചെറുകോൽപ്പുഴ: ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിലൂടെ ലോകത്തിന് നന്മയുണ്ടാകുമെന്ന് ആർ.എസ്.എസ്.സർ സംഘചാലക് ഡോ. മോഹൻ ഭഗവത് പറഞ്ഞു. 113-ാമത് അയിരുർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിന് ലഭിക്കുന്ന ജ്ഞാനം ലോക നന്മയ്ക്കായും ധനം ദാനത്തിനായും ശക്തി ദുർബലന്റെ രക്ഷക്കായും ഉപയോഗിക്കപ്പെടും. ഹിന്ദു എന്നത് ഒരു സ്വഭാവത്തിന്റെ പേരാണ്. ധർമ്മമാണ് ഹിന്ദുവിന്റെ പ്രാണനായി വർത്തിക്കുന്നത്. മതത്തിന്റെ പേരിൽ ലോകത്ത് കലഹങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ നാം മുന്നോട്ടുവയ്ക്കുന്നത് ഏകതയാണ്. നമുക്ക് ഈശ്വരന്റെ പേരിൽ തർക്കമില്ല. എല്ലാറ്റിലും ഈശ്വരനെ കാണുന്നതാണ് ഹിന്ദുധർമ്മത്തിന്റെ പ്രത്യേകത. ഭേദഭാവം വെടിയാനാണ് ശ്രീനാരായണ ഗുരു സമൂഹത്തോട് പറഞ്ഞത്. വസുൈധവ കുടുംബകം എന്ന കാഴ്ച്ചപ്പാടാണ് ശ്രീനാരായണ ഗുരുവും മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സംസ്‌കൃത കൃതിയായ ശ്രീനാരായണ സ്മൃതിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആചാര്യ ഡോ.ആനന്ദരാജ് തയ്യാറാക്കിയ മലയാള പരിഭാഷയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, പ്രജ്ഞാ വാഹക് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, കാ.ഭാ സുരേന്ദ്രൻ, ഹിന്ദു മത മഹാമണ്ഡലം സെക്രട്ടറി ഡി.രാജഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |