
തിരുവനന്തപുരം: റിലീസിനു പിന്നാലെ വിവദത്തിൽപ്പെട്ട മോഹൻലാൽ മെഗാചിത്രം എമ്പുരാൻ വീണ്ടും സെൻസർ ചെയ്യും. 17 സീനുകളിൽ മാറ്റം വരുത്തും. വില്ലന്റെ പേരു മാറ്റും. ചില ഡയലോഗുകൾ മ്യൂട്ടും ചെയ്ത് നിർമ്മാതാക്കൾ തന്നെ പുതിയ പതിപ്പ് സെൻസറിംഗിന് നൽകും.
എമ്പുരാനെതിരെ ആർ.എസ്.എസ് കടുത്ത നിലപാടെടുത്തതോടെയാണ് ട്വിസ്റ്റുണ്ടായത്. ഇന്നും നാളെയും ഓഫീസ് അവധിയായതിനാൽ മാറ്റങ്ങളോടെയുള്ള പതിപ്പ് ചൊവ്വാഴ്ച സെൻസറിംഗ് നൽകും. സെൻസർ ബോർഡും ചില മാറ്റങ്ങൾ വരുത്തിയേക്കാം. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുതിയ പതിപ്പ് തിയേറ്ററുകളിലെത്തും. അതുവരെ നിലവിലെ പതിപ്പ് പ്രദർശിപ്പിക്കും.
ചിത്രത്തിന് ഹിന്ദുവിരുദ്ധ അജൻഡയുണ്ടെന്ന വിമർശനമാണ് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ ഉന്നയിച്ചത്. പക്ഷപാതത്തോടെയാണ് ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ആരോപിച്ചു. പിന്നാലെ വാർത്താവിനിമയ വകുപ്പിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടി. മന്ത്രി അനുരാഗ് താക്കൂർ സെൻസർ ബോർഡിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ഇതോടെ നിർമ്മാതാക്കൾക്കും അണിയറ പ്രവർത്തകർക്കും വേറെ വഴിയില്ലാതായി. സെൻസർ ബോർഡ് സിനിമ തിരിച്ചുവിളിക്കുമെന്ന സൂചന കിട്ടിയതോടെയാണ് സ്വയം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.
കലാപ ദൃശ്യങ്ങൾ കുറയ്ക്കും
കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലാണ് മാറ്റം വരുന്നത്
അഭിമന്യു സിംഗ് അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ ബാബ ബജ്റംഗി എന്ന പേരാണ് മാറ്റുന്നത്
ലാൽ മുൻകൈയെടുത്തു
പരിഹാരത്തിന് മോഹൻലാൽ തന്നെ മുൻകൈ എടുത്തതായാണ് സൂചന. സെൻസർ ബോർഡ് തിരിച്ചുവിളിച്ച് സീനുകൾ മുറിച്ചുമാറ്റിയാൽ അത് കഥപറച്ചലിന്റെ തുടർച്ചയെ ബാധിക്കും. സീനുകൾ മാറ്റി എഡിറ്റ് ചെയ്ത് നൽകുന്നതാണ് സേഫെന്ന നിലപാടു തന്നെയായിരുന്നു സംവിധായകൻ പൃഥ്വിരാജിനും. മോഹൻലാലും ആന്റണി പെരുമ്പാവൂരും ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുപ്പമുള്ള നിർമാതാവ് സുരേഷ്‌കുമാറിനെ ബന്ധപ്പെട്ടു. തുടർന്നാണ് പരിഹാരഫോർമുല ഉണ്ടാകുന്നത്.
എമ്പുരാൻ കണ്ട് പിണറായി
എമ്പുരാൻ സിനിമ വീണ്ടും സെൻസർ ചെയ്യുമെന്ന വിവരം വലിയ ചർച്ചയായിരിക്കെ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം സിനിമ കാണാനെത്തി. ലുലുമാളിലെ തിയേറ്ററിലാണ് അദ്ദേഹം ചിത്രം കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |