
തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പൊലീസ് സ്റ്റേഷനുകൾ സജ്ജമാക്കാനുള്ള ഉദ്യോഗസ്ഥരുടെ ചുമതലാ പട്ടികയിൽ സസ്പെൻഷനിലുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ഉൾപ്പെട്ടത് വിവാദമായി. 10 വർഷത്തിലേറെ സർവീസുള്ള ഉദ്യോഗസ്ഥർക്ക് 59 സ്റ്റേഷനുകളുടെ ചുമതലയാണ് നൽകിയത്. വർക്കല സ്റ്റേഷന്റെ ചുമതലയായിരുന്നു അജിത്തിന്. വിവാദമായതോടെ ഡി.ജി.പി ഇറക്കിയ പട്ടിക പിൻവലിച്ചു.
മാതൃകാ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും ഓരോ സ്റ്റേഷനുകൾ ദത്ത് നൽകണമെന്നും അതിലൂടെ ക്രമസമാധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രിയാണ് 2025ൽ ഡി.ജി.പിമാരുടെ യോഗത്തിൽ നിർദ്ദേശിച്ചിരുന്നത്. ഇതനുസരിച്ചാണ് പട്ടിക പുറത്തിറക്കിയത്.
ഡി.ജി.പി റാങ്കുള്ള യോഗേഷ് ഗുപ്തയ്ക്ക് തമ്പാനൂരും മനോജ് എബ്രഹാമിന് വട്ടിയൂർക്കാവും എസ്.സുരേഷിന് കിളിമാനൂരും എസ്.ശ്രീജിത്തിന് തുമ്പയും ഉൾപ്പെടെ നൽകിയാണ് പട്ടിക പുറത്തിറക്കിയത്. വിവാദമായതോടെ എസ്.പിമാർ മുതൽ ഡി.ജി.പി വരെയുള്ളവർക്ക് നൽകിയ പട്ടിക പിൻവലിക്കുകയായിരുന്നു. പുതിയ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
പൊലീസ് സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളാക്കുന്ന നടപടികൾ നടപ്പിലാക്കേണ്ടതും പുരോഗതി വിലയിരുത്തേണ്ടതും ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. പൊലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യപ്പെടുന്ന പുരോഗതി റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കണമെന്നും ഡി.ജി.പിയുടെ നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിലാണ് എം.ആർ. അജിത്കുമാർ സസ്പെൻഷനിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |