
ഇടുക്കി: മഴ കുറഞ്ഞ്, മാനം തെളിഞ്ഞതോടെ മൂന്നാർ മലനിരകളിൽ 'നീലക്കുറിഞ്ഞിക്കാലം". ചൊക്രമുടി, നല്ലതണ്ണി, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തുതുടങ്ങി. ചൊക്രമുടി മലനിരകളിൽ ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ വനംവകുപ്പ് അനുമതി നൽകി.
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാർ- ബോഡിമെട്ട് റോഡിൽ, ടോൾ പ്ലാസ കഴിഞ്ഞ് രണ്ടു കിലോമീറ്റർ അകലെയാണ് പ്രവേശനകവാടം. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയാണ് പ്രവേശനം. വനം വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ഇന്നുമുതൽ ഓൺലൈനായി ടിക്കറ്റുകൾ ബുക്കുചെയ്യാം. സ്പോട്ട് ബുക്കിംഗുമുണ്ട്.
പ്രവേശനകവാടത്തിൽ നിന്ന് നീലക്കുറിഞ്ഞികൾ പൂവിട്ട 800 മീറ്റർ വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. മുതിർന്നവർക്ക് 200 രൂപയും 10 മുതൽ 17 വയസ് വരെയുള്ളവർക്ക് 100 രൂപയുമാണ് പ്രവേശനഫീസ്. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഫീസില്ല. വിദേശികൾ 400 രൂപ നൽകണം. ഒരു ദിവസം ആയിരം പേർക്കാണ് പ്രവേശനം. മഴ പൂർണമായും മാറിയാൽ സെപ്തംബർ പകുതിയോടെ ചൊക്രമുടി പൂർണമായും പൂത്തുലയും. കെ.എഫ്.ഡി.സിയുടെ നിയന്ത്രണത്തിലുള്ള മീശപ്പുലിമലയിൽ, പൂർണമായി പൂവിട്ട ശേഷമേ പ്രവേശനം അനുവദിക്കൂ. ഇതിനുമുമ്പ് 2018 സെപ്തംബറിലാണ് ഇരവികുളത്ത് വ്യാപകമായി നീലക്കുറിഞ്ഞി പൂത്തത്.
പൂ പറിച്ചാൽ തടവും പിഴയും
വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂൾ- 1) സംരക്ഷിക്കപ്പെട്ടിട്ടുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളോ ചെടികളോ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് കണ്ടത്തിയാൽ 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |