SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

വിജിലൻസ് പ്രാഥമിക റിപ്പോർട്ട്: നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

naveen-babu

കണ്ണൂർ: എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തിന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തൽ. റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം മേലധികാരികൾക്ക് കൈമാറും.
അതേസമയം,​ പ്രശാന്ത് സ്വർണം പണയം വച്ചതു മുതൽ എ.ഡി.എമ്മിന്റെ ക്വാർട്ടേഴ്സിലേക്ക് എത്തുന്നതു വരെയുള്ള മൊഴികളിൽ തെളിവുകളുണ്ടെന്ന സൂചന റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രശാന്ത് ക്വാർട്ടേഴ്സിന് സമീപമത്തിയശേഷം എന്തുണ്ടായി എന്നതിന് തെളിവില്ല.

ഒക്ടോബർ അഞ്ചിന് സ്വർണം പണയം വച്ചതിന്റെ രസീത് പ്രശാന്ത് വിജിലൻസിന് കൈമാറി. ആറിന് പ്രശാന്തും നവീനും നാലുതവണ ഫോണിൽ സംസാരിച്ചു. ഇതിനൊടുവിൽ പ്രശാന്ത് നവീനുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ എട്ടിന് പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം പത്തിന് പ്രശാന്തിന്റെ ബന്ധു കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിച്ചു.

ഒക്ടോബർ 14ന് വിജിലൻസ് സി.ഐ പ്രശാന്തിന്റെ മൊഴിയെടുത്ത് അന്നുതന്നെ ഡിവൈ.എസ്.പിക്ക് റിപ്പോർട്ട് നൽകി. അന്ന് വൈകിട്ടായിരുന്നു നവീന്റെ യാത്രഅയപ്പ് യോഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ വിവാദ പ്രസംഗവും. പ്രശാന്തിന്റെ മൊഴിയെടുത്ത കാര്യം നവീൻ അറിഞ്ഞിരുന്നില്ല. പിറ്റേന്നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

 അനുമതി വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോൾ പമ്പിന് നവീൻ അനുമതി വൈകിപ്പിച്ചെന്ന ആരോപണത്തിനടക്കം തെളിവില്ലെന്നും കണ്ടെത്തിയിരുന്നു.

അന്തിമ റിപ്പോർട്ടിന് 6 മാസം വരെ സമയം

1. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ആറുമാസം വരെ സമയമുണ്ട്. കൂടുതൽ മൊഴികൾ ആവശ്യമെങ്കിൽ ഇതിനിടയിൽ രേഖപ്പെടുത്തും

2. ടി.വി. പ്രശാന്ത്, പി.പി. ദിവ്യ, പ്രശാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ കണ്ണൂർ മുൻ മേയർ പി.ഒ. മോഹനൻ, മുസ്ലിംലീഗ് പ്രാദേശിക നേതാവ് ടി.എൻ. ഖാദർ തുടങ്ങിയവരുടെയടക്കം മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVEENBABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA