
നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ല
റവന്യു ജോ. കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയാണെന്ന ആരോപണത്തിന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് അടിവരയിടുന്നു.
പെട്രോൾ പമ്പ് അനുമതിക്ക് നവീൻ കൈക്കൂലി വാങ്ങിയതിനോ, ചോദിച്ചതിനോ തെളിവില്ല. എല്ലാം ദിവ്യ കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാകാം. അപമാനിക്കാൻ ദിവ്യ ആസൂത്രിതശ്രമം നടത്തി. റിപ്പോർട്ട് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി.
കളക്ടറേറ്റിലെ യാത്രഅയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണ്. യോഗത്തിനു മുൻപ് ദിവ്യ ജില്ലാ കളക്ടറെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. യോഗത്തിലേക്കു വരേണ്ടെന്നാണ് കളക്ടർ പറഞ്ഞിരുന്നത്. എന്നാൽ ഇതു മറികടന്ന് ദിവ്യ പങ്കെടുത്തു. ചടങ്ങിനു മുമ്പ് ദിവ്യ നാലുതവണ കളക്ടറുടെ സ്റ്റാഫിനെയും വിളിച്ചു.
നവീനിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിനെത്തിയത്. യോഗം വീഡിയോയിൽ ചിത്രീകരിച്ചു. ചിത്രീകരിക്കാൻ കണ്ണൂർ വിഷൻ പ്രതിനിധികളെ ഏർപ്പാടാക്കിയതും ദിവ്യയാണ്. ഇവരുടെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. യോഗശേഷം ദിവ്യ വീഡിയോ കൈപ്പറ്റിയെന്നാണ് മൊഴി.
ആക്രമണം തളർത്തി
ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം
അതുതന്നെ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നുവെന്നതിന് സൂചനയാണെന്ന് റിപ്പോർട്ടിലുണ്ട്
പമ്പ് ലൈസൻസ് പ്രശ്നത്തിൽ നവീൻ ബാബുവിനെതിരെ നിശിത വിമർശനം ദിവ്യ യോഗത്തിൽ നടത്തി
ഇത് നവീനിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്
സർക്കാർ നീക്കത്തിൽ
സംശയമെന്ന് കുടുംബം
പത്തനംതിട്ട : നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന അന്വേഷണ റിപ്പോർട്ട് കേസിന് ഗുണം ചെയ്യുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. പ്രതിയെ രക്ഷിക്കാൻ സർക്കാർ കാണിക്കുന്ന ഗൗരവം സംശയം വർദ്ധിപ്പിക്കുന്നതായി സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ദിവ്യയുടേയും കള്ള പരാതിയുന്നയിച്ച പ്രശാന്തന്റെയും പേര് പരാമർശിച്ചാണ് പരാതി നൽകിയിരുന്നത്. എന്നിട്ടും ദിവ്യയെ മാത്രമാണ് പ്രതി ചേർത്തത്. കേസ് ദുർബലപ്പെടുത്താനാണിത്. ഗൂഢാലോചനയെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ പുച്ഛിച്ചുതള്ളിയെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്തനെ പ്രതി ചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞു. സത്യസന്ധമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിയമപോരാട്ടത്തിന് ഇത് സഹായകരമാകും. മൊഴിമാറ്റിയ കളക്ടറുടെ പങ്കും അന്വേഷിക്കണം. ദിവ്യയ്ക്ക് നവീനിനോട് ഇത്രയേറെ വിദ്വേഷം വരാൻ മറ്റ് കാരണങ്ങൾ ഉണ്ടോയെന്നും പരിശോധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |