
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയോടെ പോത്തുണ്ടിയിൽ നിന്ന് പിടികൂടി. രാവിലെ മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു. വൈകിട്ട് എഴോടെ പോത്തുണ്ടി മാട്ടായി ക്ഷേത്രത്തിന് സമീപത്ത് നാട്ടുകാരായ ചിലർ ചെന്താമരയെ കണ്ടു. ഒരു പൊലീസുകാരനും കണ്ടെന്ന് പറഞ്ഞോടെ, രാത്രി ഒൻപതരവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പത്തരയോടെയാണ് പോത്തുണ്ടിമലയിൽ നിന്ന് കണ്ടെത്തിയതെന്ന് ആലത്തൂർ ഡിവൈ. എസ്.പി എൽ. മുരളീധരൻ പറഞ്ഞു.
ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 125 പൊലീസുകാർ സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതൽ നാടെങ്ങും തെരച്ചിൽ തുടങ്ങിയിരുന്നു. ചെന്താമരയ്ക്ക് 3 ഫോണുകളുണ്ടായിരുന്നു. ഒരെണ്ണം പൊട്ടിച്ചു കളഞ്ഞതായും മറ്റൊന്ന് സുഹൃത്തിന് കൈമാറിയതായും കണ്ടെത്തിയിരുന്നു.
ആത്മഹത്യസംശയിച്ച് ജലാശയങ്ങളിൽ അഗ്നിശമനസേന പരിശോധിച്ചിരുന്നു. കെഡാവർ നായയെ ഉപയോഗിച്ചും തെരച്ചിൽ നടത്തി.
സുധാകരന്റെ വീട്ടിൽ എത്തിയ കെ.ബാബു എം.എൽ.എയോട് നാട്ടുകാർ രോഷാകുലരായി. മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുമെന്ന് ബാബു പറഞ്ഞു.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ
നെന്മാറ ഇരട്ട കൊലപാതകം തടയുന്നതിൽ വീഴ്ച സംഭവിച്ചെന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ ഉത്തരമേഖലാ ഐ.ജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്.എച്ച്.ഒ മഹേന്ദ്ര സിംഹനെ സസ്‌പെൻഡ് ചെയ്തു.
പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തതിന്റെ പേരിലാണ് നടപടി. നെന്മാറ പഞ്ചായത്തിലോ പൊലീസ് സ്റ്റേഷൻ പരിധിയിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് ഇവിടെ താമസിച്ചത്. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്.എച്ച്.ഒ വിശദീകരിച്ചത് .സുധാകരനും മകളും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |