തൃശൂർ: തൊഴിലിടത്തിലെ കടുത്ത മാനസിക പീഡനം കാരണം പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകൾ മഞ്ജുഷ (41) ആണ് മരിച്ചത്. ഫാക്‌ടറിക്ക് 500 മീറ്റർ അകലെയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാക്‌ടറിയിലെ മൂന്നുപേരാണെന്ന് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
മൂന്നുവർഷം മുമ്പ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ മഞ്ജുഷയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളുള്ള ഇവരെ ഫാക്‌ടറി കോമ്പൗണ്ടിലായിരുന്നു വാച്ചറായി നിയമിച്ചിരുന്നത്. എന്നാൽ, രോഗബാധിതയായ ഇവരെ കഴിഞ്ഞ 20 ദിവസമായി വന്യമൃഗശല്യമുള്ള പുറത്തുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയച്ചിരുന്നത്. കാട്ടുപന്നിയും ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ഡ്യൂട്ടിക്ക് പോകേണ്ടി വന്നത് ഇവർക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ജൂലായിൽ മറ്റൊരു മാനേജ്‌മെന്റ് സ്റ്റാഫിന്റെ അനുമതിയോടെ ജോലിക്കിടെ 15 മിനിട്ട് പുറത്തുപോയതിന് മഞ്ജുഷയുടെ ഫോണിലേക്ക് മാനേജ്‌മെന്റിലെ ഒരാളിൽ നിന്ന് അസഭ്യ സന്ദേശം എത്തിയിരുന്നു. ഇതിനെതിരെ പരാതി നൽകുമെന്ന് പറഞ്ഞതോടെയാണ് മൂന്ന് സ്റ്റാഫുകൾ ചേർന്ന് പ്രതികാരബുദ്ധിയോടെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്നാണ് ആരോപണം.
മനഃപൂർവം മാനസികമായി തകർക്കാനാണ് തന്നോട് കാടിന് സമീപമുള്ള തോട്ടത്തിലേക്ക് ജോലിക്ക് പോകാൻ ആവശ്യപ്പെട്ടതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മഞ്ജുഷയുടെ മരണത്തിൽ പ്രതിഷേധിച്ച് എസ്റ്റേറ്റിലെ തൊഴിലാളികൾ പണിമുടക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)
A 41-year-old female watchman, Manjusha, died by suicide at Palappilly Kundayi Harrison Estate, Thrissur, citing severe workplace mental harassment. Police recovered a suicide note naming three factory staff responsible for her death. She was allegedly assigned solitary duty in a wild animal-prone area despite prior injuries, following a complaint threat. Estate workers are striking in protest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |