
തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് പുതുക്കലിന് പ്രതിസന്ധിയായി തുടരുന്ന 'നിലനിറുത്തൽ സർട്ടിഫിക്കറ്റ്" ഒഴിവാക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നീക്കം തുടങ്ങി. വകുപ്പു തലത്തിൽ എല്ലാ ജില്ല മേധാവിമാരുടെയും യോഗം ഡ്രഗ്സ് കൺട്രോളർ ഉടൻ വിളിച്ചുചേർത്ത് പ്രശ്നം ചർച്ചചെയ്യും. സർക്കാരിനെയും ഇക്കാര്യം അറിയിക്കും. നിയമത്തിലില്ലാത്ത സർട്ടിഫിക്കറ്റ് വിതരണം തുടരുന്നത് വ്യാപരികളെ പ്രതിസന്ധിയിലാക്കിയത് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ആവശ്യത്തിലധികം ജോലികളുള്ളതിനാൽ നിയമത്തിലില്ലാത്ത സർട്ടിഫിക്കറ്റ് നൽകി സമയം പാഴാക്കേണ്ടതില്ലെന്നും എത്രയും വേഗം ഒഴിവാക്കണമെന്നുമുള്ള നിലപാടിലാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. സർട്ടിഫിക്കറ്റ് ഒഴിവാക്കിക്കൊണ്ട് സർക്കുലർ ഇറക്കിയാൽ വ്യാപാരികൾക്ക് തുടർ ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാനാകുമോയെന്ന കാര്യവും വകുപ്പ് പരിശോധിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ പോർട്ടലിൽ ലൈസൻസ് പുതുക്കൽ ഫീസ് അടച്ചശേഷം അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ അറിയിക്കും. നേരത്തെ ഇക്കാര്യം പോർട്ടൽ കൈകാര്യം ചെയ്യുന്ന സീ ഡാക്കിനെ ഡ്രഗ്സ് കൺട്രോൾ അധികൃതർ അറിയിച്ചിരുന്നു. 2022മുതലാണ് പുതിയ വെബ്സൈറ്റ് നിലവിൽ വന്നത്. ഇതിലെ സങ്കീർണമായ നടപടികളും വ്യാപാരികളെ വലയ്ക്കുന്നതായി പരാതികളുണ്ട്.
ഫാർമസി ലൈസൻസ് നേടിയ വ്യക്തി അഞ്ചു വർഷത്തിലൊരിക്കാൽ നിശ്ചിത ഫീസ് അടച്ചാൽ ലൈസൻസ് പുതുക്കിയതായി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്‌മറ്റിക് ആക്ട് പ്രകാരമുള്ള ഈ വ്യവസ്ഥ നിലനിൽക്കെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആഭ്യന്തരമായി ഫയൽ പരിശോധന നടത്തിയാണ് നിലനിറുത്തൽ സർട്ടിഫിക്കറ്റ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |