SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

മുനമ്പത്ത് ഭൂരേഖയുള്ള ആരെയും കുടിയിറക്കില്ല, സമരസമിതിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

cm

തിരുവനന്തപുരം: മുനമ്പം ഭൂമിയിൽനിന്ന് രേഖകൾ ഉള്ള ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്ന് മുനമ്പം സമരസമിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. അവിടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

മുനമ്പം സമരസമിതിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നടപടികൾ ഉറപ്പുവരുത്തുന്നതിനാണ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡിഷ്യൽ കമ്മിഷനായി നിയോഗിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുമുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷൻ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്.

ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരും. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാദ്ധ്യമായ നടപടികളും സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോദ്ധ്യപ്പെടുത്താനും പരിശ്രമിക്കും. കമ്മിഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ അവിടെയുള്ള താമസക്കാരുടെ പൂർണ സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ. എ, ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ജോസഫ് ബെന്നി, മുരുകൻ തുടങ്ങിയവരും പങ്കെടുത്തു.

''ഓൺലൈൻ ചർച്ച സന്തോഷവും സമാധാനവും നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നു. സമാധാനപരമായ സമരം തുടരും.

-മുനമ്പം ഭൂസംരക്ഷണ സമരസമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA