SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യം, പിണറായിയും ഗോവിന്ദനും ശൈലി തിരുത്തണം

a

 ഗോവിന്ദൻ സ്ഥാനമൊഴിയണമെന്നും ആവശ്യം

 പിണറായിയുടെ സ്വജനപക്ഷപാതം ദോഷം ചെയ്തു

തിരുവനന്തപുരം: പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയനും പ്രവർത്തന ശൈലി തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. പ്രതികരണം ജാഗ്രതയോടെയായിരിക്കണം.

ഗോവിന്ദൻ സ്ഥാനം ഒഴിയണമെന്നുവരെ ആവശ്യപ്പെട്ടെന്നാണ് സൂചന. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലുണ്ടായ തോൽവി ഗൗരവമേറിയതാണ്. ഇക്കാര്യം പ്രത്യേകം പരിശോധിക്കണം. സംഘടനാപരമായ കാര്യങ്ങളിൽ സെക്രട്ടറി ജാഗ്രത കാട്ടുന്നില്ല. ഇത് സ്വയം വിമർശനമായി പരിശോധിക്കണം.

പിണാറിയി മുഖ്യമന്ത്രിയായിരുന്നപ്പോൾ അഴിമതി നടന്നിട്ടില്ലെങ്കിലും സ്വജനപക്ഷപാതം കാട്ടിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അടുപ്പക്കാർ എന്തു തെറ്റു ചെയ്താലും ന്യായീകരിക്കുന്ന രീതി ചിലർ മുതലെടുത്തു. മുഖ്യമന്ത്രി ഇങ്ങനെ സംരക്ഷിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പിൽ ഇത് ദോഷകരമായി മാറുകയും ചെയ്തു.

കീഴ്ഘടകങ്ങളിൽ ചർച്ച നടക്കുമ്പോൾ ഉപരികമ്മിറ്റിയിൽ നിന്നുള്ളവർ സമയത്തിന്റെ പേരിൽ തടസ്സമിടരുത്. പ്രവർത്തകർക്ക് പറയാനുള്ളതെല്ലാം നേതാക്കൾ കേൾക്കണം. ജനറൽ സെക്രട്ടറി എം.എ.ബേബി ഈ ആവശ്യം അംഗീകരിച്ചു.

വിശദ ചർച്ച നടക്കുമ്പോൾ ജില്ലാ കമ്മിറ്റി രണ്ടു ദിവസം ചേരണം. സംസാരിക്കാൻ സമയം നിശ്ചയിച്ചു നൽകുന്ന രീതി മാറണം. ജനങ്ങളുടെ വികാരം അതേരീതിയിൽ പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യണം. ആർക്കെതിരെയും വിമർശനം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടി അംഗങ്ങൾക്ക് വേണമെന്നും ബുധനാഴ്ച ചേർന്ന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.

പോരായ്മ തിരുത്താൻ

തീരുമാനം

വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളല്ല ഉണ്ടായതെന്നും പോരായ്മകൾ പരിശോധിച്ച് തിരുത്താൻ ഐകകണ്‌ഠ്യേന തീരുമാനിച്ചെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാൽ ഈ പരാജയത്തെ അതിജീവിക്കാൻ കഴിയുമെന്നും വിലയിരുത്തി. ഈ തീരുമാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും, പാർട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA