SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.36 PM IST

ഗർഭിണി വെന്തുമരിച്ച സംഭവം; പെട്രോളെത്തിച്ചത് സോന, ആസൂത്രണത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്

READ ENGLISH VERSION
kerala

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി എട്ട് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്ന് പൊലീസ്. കാറിൽ പെട്രോളെത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. കാറിലെ പെട്രോൾ സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് പെട്രോളെത്തിച്ചത് സോനയാണെന്ന് ഉറപ്പിച്ചിരുന്നു. സോന പെട്രോൾ ബങ്കിൽ തനിച്ചെത്തി വെളുത്ത കന്നാസിൽ പെട്രോൾ വാങ്ങി തിരിച്ചെത്തുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സോനയുടെ ഭർത്താവ് പൂവത്തുംചാലിൽ രജിൻലാൽ ഓടിച്ചിരുന്ന കാർ കത്തി സോന വെന്തു മരിച്ചത്. അറുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുമ്പോഴാണ് സംഭവം. കാറിൽ നിന്ന് പെട്രോൾ മണമുയർന്നത് ചോദിച്ചയുടൻ കാർ കത്തിയെന്നാണ് രജിൻലാലിന്റെ മൊഴി. രജിൻലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സോന സംശയിച്ചിരുന്നു. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം. വീട്ടുകാരുടെ എതിർപ്പ് കാരണം രജിൻലാൽ വിവാഹത്തിൽ നിന്ന് പിന്മാറാനൊരുങ്ങിയതിനെ തുടർന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പറയുന്നു.

കാറിന്റെ ഉൾവശം, പ്രത്യേകിച്ചും സോന ഇരുന്നിരുന്ന പിൻസീറ്റിന്റെ ഭാഗമാണ് കൂടുതൽ കത്തിയിരുന്നത്. മറ്റു ഭാഗങ്ങൾക്ക് കാര്യമായി കേടില്ല. ഇന്ധന ചോർച്ചയുമുണ്ടായിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോൾ അംശം കണ്ടെത്തിയിരുന്നു. പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ചെയ്യുന്നതിനൊപ്പം രജിൻലാലിനെ അപായപ്പെടുത്തുകയാണോ സോനയുടെ ലക്ഷ്യമെന്നുളള അന്വേഷണത്തിലാണ് പൊലീസ്. എന്നാൽ സോനയെ രജിൻലാൽ അപകടപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴ് വരെ സോന മാതൃസഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. രജിൻലാലിന്റെ പീഡനത്തെ പറ്റി മാതൃസഹോദരിയുടെ മകളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. വൈകിട്ട് മാതൃസഹോദരിയുടെ മകളുമൊന്നിച്ച് ടൗണിൽ പോയിരുന്നു. സാധനങ്ങൾ വാങ്ങുന്നതിനിടെ കുറച്ചുസമയം സോനയെ കാണാതായി. അപ്പോഴായിരിക്കാം പെട്രോൾ വാങ്ങിയതെന്നാണ് സംശയം. വൈകിട്ട് മാതൃസഹോദരിയുടെ വീട്ടിൽ നിന്നാണ് രജിൻലാൽ സോനയെ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA