SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

കളിമൺപാത്ര നിർമ്മാണ കോർപ്പറേഷൻ : ക്ഷേമനിധിയില്ലാതെ പത്ത് വർഷം

p

ആലപ്പുഴ: സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ 'ക്ഷേമം' പേരിൽ മാത്രം. അന്യം നിന്നു പോകുന്ന കുലത്തൊഴിലായ മൺപാത്ര നിർമ്മാണവും വിപണനവും സംരക്ഷിക്കാൻ പരിശീലനമുൾപ്പെടെ ആവിഷ്കരിക്കുമ്പോഴും ലക്ഷക്കണക്കിന് തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ക്ഷേമനിധിയില്ല. കോർപ്പറേഷൻ രൂപീകരിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും തൊഴിലാളി ക്ഷേമത്തിനോ, തൊഴിൽ നിലനിർത്താനോ കാര്യമായ

ഒരിടപെടലുമില്ല.

മൂന്നു ലക്ഷത്തോളം തൊഴിലാളികളും കുടുംബാംഗങ്ങളും കച്ചവടക്കാരുമുൾപ്പെടെ 10 ലക്ഷത്തോളം പേർ കളിമൺപാത്ര നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നു.,. കയർ, കൈത്തറി, ഈറ്റ തുടങ്ങി പരമ്പരാഗത വ്യവസായ മേഖലകളിലും കൈത്തൊഴിൽ രംഗത്തും ക്ഷേമനിധിയുണ്ട്. എന്നാൽ, ഈ മേഖലയിൽ ക്ഷേമനിധിയോ ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല.

ഇതര ക്ഷേമനിധികളിലുള്ള വിവാഹ ധനസഹായം, പ്രസവ സഹായം, കുട്ടികളുടെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ,ഭവന നിർമ്മാണ,ചികിത്സാ , മരണാനന്തര സഹായം, ക്ഷേമപെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. .

രൂപീകരിച്ചത്

2015ൽ

2015ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കളിമൺപാത്ര നിർമ്മാണ കോർപ്പറേഷൻ രൂപീകൃതമായത്. ബി.സുഭാഷ് ബോസ് ആറ്റുകാലാണ് ഇപ്പോഴത്തെ ചെയർമാൻ. ചെയർമാനായിരുന്ന സി.ഐ.ടി.യു നേതാവ് കുട്ടമണിയെ കൈക്കൂലി ഇടപാടിൽ കഴിഞ്ഞ വർഷം വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രഥമ ചെയർമാനായിരുന്ന സുഭാഷ് ബോസ് വീണ്ടും തത്സ്ഥാനത്തെത്തിയത്.പട്ടികജാതി ക്ഷേമകോർപ്പറേഷൻ എം.ഡി അധിക ചുമതല വഹിക്കുന്ന ഇവിടെ, പ്രോജക്ട് മാനേജരുൾപ്പെടെ നാല് ജീവനക്കാരാണുള്ളത്. വ്യവസായം നിലനിറുത്തൽ , പ്രോത്സാഹിപ്പിക്കൽ, സബ്സിഡി,പരിശീലനം, വായ്പാ പദ്ധതികൾ തുടങ്ങിയവയ്ക്കായി സർക്കാർ 2 കോടി രൂപ മാത്രമാണ് നീക്കി വച്ചിട്ടുള്ളത്.

'ക്ഷേമനിധിക്കും ഇൻഷ്വറൻസ് പരിരക്ഷയ്ക്കുമുള്ള പദ്ധതികൾ ഉടൻ ആവിഷ്കരിക്കും.'

- ബി. സുഭാഷ്ബോസ്,

ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA