തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ‘അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’ എന്ന പരാമർശത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വിവാദം കടുക്കുന്നു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്.
'കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. മുൻതലമുറകൾ അതെല്ലാം നമുക്ക് പകർന്നുതന്നു. എന്നാൽ ഇന്ന് അതൊന്നും അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. ചില അമ്മമാരോട് ഞാൻ പരാതി പറയാറുണ്ട്. അവർ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കും. പക്ഷേ അത് സ്വന്തം മകളെ പഠിപ്പിക്കുന്നില്ല. മകൾക്കോ അല്ലെങ്കിൽ മകന്റെ ഭാര്യയായി വരുന്ന ആളിനോ ആ ഭക്ഷണത്തിന്റെ പ്രത്യേകതയും തയ്യാറാക്കുന്ന രീതിയും പറഞ്ഞു കൊടുക്കണം'– എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഈ പ്രസ്താവനയ്ക്കെതിരെയാണ് വിവാദം രൂക്ഷമാകുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വി ഡി സതീശൻ നടത്തിയ പരാമർശത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 'വീട്ടുജോലികൾ ആൺ,പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും....!!' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചത്.
മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും പാചകം ഉൾപ്പെടെയുള്ള ഗാർഹിക ജോലികൾ ലിംഗഭേദമില്ലാതെ എല്ലാവരും ചെയ്യേണ്ടതും പഠിക്കേണ്ടതുമാണെന്ന അഭിപ്രായമാണ് ഉയരുന്നത്. പുരോഗമന ചിന്ത ഉള്ളിൽ നിന്ന് ഉടലെടുക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കമന്റുകൾ. പരാമ്പരാഗത വിഭവങ്ങളുടെ പാചകം പഠിക്കുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് മകനെ ഒഴിവാക്കി മരുമകളെ പരാമർശിച്ചതെന്നാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ചോദ്യം.
എഴുത്തുകാരി ശാരദക്കുട്ടി രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്. 'ചുമ്മാതല്ല , ജന്തർ മന്തറിലെ സമരപ്പന്തലിൽ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാ പൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു.'- ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
Kerala Chief Minister V.D. Satheesan has drawn criticism after saying mothers should teach traditional cooking to their sons' wives. Critics argue the remark reinforces gender stereotypes by excluding sons from learning household skills. Former Education Minister V. Sivankutty and writer Sharadakkutty criticized the statement, stressing that cooking and domestic responsibilities should be shared equally, regardless of gender.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |