
ന്യൂഡൽഹി : മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ വിവാദമായ ആശ്രിത നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയത് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും പ്രശാന്തുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ ആയിട്ടായിരുന്നു നിയമനം.ജോലി ചെയ്‌ത കാലയളവിലെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
എം.എൽ.എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
പ്രത്യേക അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം.
പ്രത്യേക അധികാരം ഇത്തരം കാര്യങ്ങൾക്കല്ല വിനിയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
പ്രത്യേക സാഹചര്യങ്ങളിൽ സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും, പൊതുതാത്പര്യഹർജി പരിഗണിച്ച് നിയമനം റദ്ദാക്കിയതിലൂടെ ഹൈക്കോടതി ഗുരുതര പിഴവ് വരുത്തിയെന്നും സുപ്രീംകോടതിയിലെ ഹർജിയിൽ സർക്കാർ വാദിച്ചിരുന്നു.
സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച് ഇത്തരത്തിൽ നിയമനം നടത്താൻ കഴിയുമോയെന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്ന് ചോദിച്ചപ്പോൾ, മതിയായ യോഗ്യത പ്രശാന്തിനുണ്ടെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.
ചെങ്ങന്നൂർ എം.എൽ.എ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് മകന് ആശ്രിതനിയമനം നൽകിയത്.
ഹൈക്കോടതിയും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. യോഗ്യതയുളളവർ പുറത്തുനിൽക്കുമ്പോൾ പിൻവാതിലിലൂടെയുള്ള നിയമനങ്ങൾ സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. സർക്കാർ ജീവനക്കാർ മരിച്ചാൽ അവരുടെ കുടുംബത്തിന് സഹായമായാണ് ആശ്രിത നിയമനം. എം.എൽ.എമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |