ഇടുക്കി: കെഎസ്‌ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി ബസ് സമയം മാറി സർവീസ് നടത്തിയതിൽ ടയറിന് മുന്നിൽകിടന്ന് പ്രതിഷേധിച്ച് സ്വകാര്യ ബസുടമ. ഉപ്പുതറ-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കുട്ടിമാളു എന്ന ബസിന്റെ ഉടമ രാജേഷാണ് കെഎസ്‌ആർടിസി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.
കുട്ടിമാളു ബസ് ഓടുന്ന സമയത്ത് കോട്ടയത്തുനിന്ന് വാഗമൺ-ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് പോകുന്ന പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് പ്രതിഷേധത്തിനുകാരണം. കെഎസ്‌ആർടിസി ബസ് വഴിയിൽ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കെഎസ്‌ആർടിസി ബസിന്റെ മുൻചക്രത്തിന്റെ മുന്നിൽ കിടന്ന് രാജേഷ് പ്രതിഷേധിച്ചത്.
അതേസമയം, പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളികളും ഇന്നലെ പണിമുടക്കി കോട്ടയം കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തി.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് സർവീസുകൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന വിമർശനം ശക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കണ്ണൂരിൽ 50 ബസുകൾ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. കെഎസ്‌ആർടിസിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് വിമർശിച്ചിരുന്നു.
A private bus owner in Idukki staged a protest by lying in front of a KSRTC bus, alleging it operated outside its scheduled time. The incident highlights growing opposition from private bus operators, who claim the Priyadarshini free travel scheme is causing severe financial losses.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |