SignIn
Kerala Kaumudi Online
Monday, 24 August 2026 10.59 AM IST

ബിനിലിന്റെ  മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം

READ ENGLISH VERSION
binil

തിരുവനന്തപുരം: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട് കൊല്ലപ്പെട്ട തൃശൂർ കൂട്ടനെല്ലൂർ സ്വദേശി ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കുമെന്ന് നോർക്ക.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം ബിനിലിന്റെ മൃതദേഹം വേഗം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് സ്വീകരിച്ചുവരികയാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു വരവേയാണ് ഇപ്പോഴത്തെ ദാരുണമായ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്‌നില്‍ ബിനില്‍(32) മരണപ്പെട്ടുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിൻ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ഷെല്ലാക്രമത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി വാർത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍(36) കഴിഞ്ഞ സെപ്തംബറില്‍ കൊല്ലപ്പെട്ടിരുന്നു.

'റഷ്യന്‍ ആര്‍മിയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു ഇന്ത്യന്‍ പൗരന്റെ നിര്‍ഭാഗ്യകരമായ മരണത്തെക്കുറിച്ച് അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മറ്റൊരു ഇന്ത്യന്‍ പൗരന്‍ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു വരുകയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു', - രൺധീർ ജയ്‌സ്വാൾ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, RUSSIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA