തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്‌തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30ന് രാജിക്കത്ത് നൽകിയതായാണ് വിവരം. ജില്ലാ കളക്‌ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.
ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണ പ്രതിസന്ധി നേരിടാൻ സാദ്ധ്യതയേറിയിരിക്കുകയാണ്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങുകയും ചെയ്തു. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജി.
തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മേയർ സ്ഥാനം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നിട്ടും ഇത് ലഭിക്കാത്തതിൽ ശ്രീലേഖ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശ്രീലേഖയെ ആദ്യഘട്ടം മുതൽ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അവസാനഘട്ടത്തിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളും പാർട്ടി തീരുമാനങ്ങളുമാണ് ശ്രീലേഖയ്ക്ക് തിരിച്ചടിയായത്. ഒടുവിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുപോലും പരിഗണിക്കാതിരുന്നതിൽ ശ്രീലേഖ അതൃപ്തിയിലായിരുന്നു.
Former DGP and BJP leader R. Sreelekha has reportedly resigned as a Thiruvananthapuram Corporation councillor, submitting her resignation to Mayor V. V. Rajesh on September 30. While reports cite dissatisfaction with the BJP leadership, Sreelekha said personal reasons were behind the decision. Her resignation could affect the BJP’s majority in the corporation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |