തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും. പടിഞ്ഞാറൻ കാറ്റിന്റെ ശക്തികുറഞ്ഞതോടെയാണിത്. ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. വിവിധ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റം സൃഷ്ടിക്കാത്ത സാഹചര്യമാണിപ്പോൾ.
ഇടയ്ക്ക് പല ജില്ലകളിലും മഴ വലിയ നാശം വിതച്ചെങ്കിലും സംസ്ഥാനത്തെ മഴക്കുറവ് 23 ശതമാനമായി തുടരുകയാണ്. 1588.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ 1222.7 മില്ലിമീറ്ററാണ് ലഭിച്ചത്. മലയോര ജില്ലകളായ വയനാടും ഇടുക്കിയുമാണ് ഏറ്റവും കുറവ് മഴ. വയനാട്- 51 %, ഇടുക്കി- 45 % എന്നിങ്ങനെയാണ് മഴക്കുറവ്.
എറണാകുളം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലും മഴ കുറവായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കോട്ടയം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.
ജലനിരപ്പ് 57%
കെ.എസ്.ഇ.ബി ഡാമുകളിലെ ആകെ ജലനിരപ്പ് 57% ആണ്. കഴിഞ്ഞ വർഷം ഇതേസമയം 79 % ആയിരുന്നു. ഇടുക്കിയിൽ കഴിഞ്ഞ വർഷം 74 % ആയിരുന്ന ജലനിരപ്പ് ഇപ്പോൾ 55 ശതമാനമേ ആയിട്ടുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |