SignIn
Kerala Kaumudi Online
Friday, 02 October 2026 11.44 AM IST

'അടൂർ പ്രകാശിന്റേത് ഇരിക്കുന്ന പദവിക്ക് നിരക്കാത്ത നടപടി'; തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

rajmohan-unnithan
രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനത്തിൽ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ തുറന്നടിച്ച് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസുകാർക്കുനേരെ ഇടതുപക്ഷപാർട്ടികൾ നടത്തിയ ആക്രമണങ്ങളെ ചോദ്യം ചെയ്യാനാകും അടൂർ പ്രകാശ് വാർത്താസമ്മേളനം വിളിച്ചുചേർക്കുന്നതെന്നാണ് കരുതിയിരുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫ് ഗവൺമെന്റ് ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം സൃഷ്‌ടിക്കേണ്ടയാൾ മുഖ്യമന്ത്രിയെ വിമർശിക്കാൻ വാർത്താസമ്മേളനം വിളിച്ചുചേർത്തത് ഔചിത്യമില്ലാത്ത നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

'യുഡിഎഫ് ഗവൺമെന്റിനെ ആക്രമിക്കുമ്പോൾ പ്രതിരോധം സൃഷ്‌ടിക്കേണ്ട, ആക്രമണം നടത്തുന്നവർക്കെതിരെ പ്രത്യാക്രമണം നടത്താൻ ഉത്തരവാദിത്തമുള്ള യുഡിഎഫ് കൺവീനർ പത്രസമ്മേളനം വിളിക്കുന്നതിനായി ഇന്നലത്തെ ദിവസംതന്നെ തിരഞ്ഞെടുത്തത് അത്ര പന്തിയുള്ള കാര്യമല്ല. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത പണിയാണ് അദ്ദേഹം ചെയ്‌തത്. അദ്ദേഹംതന്നെ പറഞ്ഞു അദ്ദേഹത്തെ നിയമിച്ചത് ഹൈക്കമാൻഡാണെന്ന്. എന്നാൽപിന്നെ ഹൈക്കമാൻഡിൽപ്പോയി യുഡിഎഫ് യോഗം വിളിച്ചുചേർക്കണമെന്ന നിർദേശം നൽകിക്കൂടെ. ഹൈക്കമാൻഡിനോട് പോയി പരാതി പറഞ്ഞൂടേ.

കെസി വേണുഗോപാൽ പറഞ്ഞതല്ലേ ശരി. പാർട്ടിക്കകത്ത്, പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം വിളിച്ചുപറഞ്ഞാൽ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്ന കാര്യമാണോ അത്. അതിലൊരു അനൗചിത്യമില്ലേ'- രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയരുന്ന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു.'കാബിനറ്റ് സെക്രട്ടറിക്ക് പരാതി അയച്ചിരിക്കുന്നത് ഇലക്ഷൻ കമ്മീഷനിലെ രണ്ടംഗങ്ങളാണ്. സ്വാഭാവികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌പക്ഷമായും സ്വതന്ത്രമായും സുതാര്യമായും പ്രവർത്തിക്കേണ്ട ഒരു ഏജൻസിയാണ്.

പഴയകാലത്ത്, തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസും ചേർന്നായിരുന്നു. പക്ഷേ, ചീഫ് ജസ്റ്റിനെ ആ സ്ഥാനത്തുനിന്ന് മാറ്റി പ്രധാനമന്ത്രി പറയുന്ന ഒരു കേന്ദ്രമന്ത്രിയെന്നാക്കി. ചുരുക്കിപ്പറഞ്ഞാൽ പ്രതിപക്ഷ നേതാവിനെ നോക്കുകുത്തിയാക്കിക്കൊണ്ട് പ്രധാനമന്ത്രിയും അദ്ദേഹം തിരഞ്ഞെടുക്കുന്ന മന്ത്രിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Rajmohan Unnithan criticised Adoor Prakash over his press conference and questioned the Election Commission’s appointment process.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJMOHAN UNNITHAN, ADOOR PRAKASH, RAJMOHAN UNNITHAN CRITICISES ADOOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA