
കൊച്ചി: അഭിമാനം. സന്തോഷം. ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ വിജയത്തെപ്പറ്റി വ്യവസായമന്ത്രി പി. രാജീവ് കേരളകൗമുദിയോട് പറഞ്ഞതിങ്ങനെ.
കേരളം നിക്ഷേപ സൗഹൃദമായെന്ന് സംരംഭകരും വ്യക്തമാക്കി. ഈ വിജയം വലിയ നേട്ടമാണ്. ഒന്നര ലക്ഷത്തിലേറെ കോടി രൂപയുടെ താത്പര്യപത്രങ്ങളാണ് ഒപ്പിട്ടത്. അടുത്ത ഒരാഴ്ച ഇവയുടെ സൂക്ഷ്മ പരിശോധന നടത്തും. എത്രമാത്രം സാദ്ധ്യമാണ്, ഏത് സ്വഭാവത്തിലുള്ളതാണ് തുടങ്ങിയവ വിശദമായി പഠിക്കും. ശേഷം ഏത് കാലയളവിനുള്ളിൽ ആരംഭിക്കാനാകുമെന്ന് വിലയിരുത്തും. നടപ്പാക്കാൻ കഴിയാത്തവ പട്ടികയിൽനിന്ന് ഒഴിവാക്കും. ഇപ്പോൾ വന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കാൻ പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വാണിജ്യ, വ്യാപാരസംഘടനകളും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ഈ രംഗത്തെ പ്രൊഫഷണലുകളുടെ സംഘടനകളും സർക്കാരിനോട് സഹകരിച്ചിട്ടുണ്ട്.
മൂന്നു വർഷത്തെ മുന്നൊരുക്കങ്ങളുടെ ഫലമാണിത്. നിക്ഷേപകരിൽ വിശ്വാസം വളർത്തുന്നതിന്റെ ഭാഗമാണ് ഇൻവെസ്റ്റ് കേരള. 2016 മുതലുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു. വ്യവസായ സൗഹൃദത്തിനായുള്ള നിയമനിർമ്മാണങ്ങളെ ആരും എതിർത്തില്ല. കേരളം ഒറ്റക്കെട്ടായാണ് നിക്ഷേപകരെ സ്വാഗതം ചെയ്തത്. രണ്ടുദിവസംകൊണ്ട് ആയിരത്തോളം സംരംഭകരുമായി ഞാൻ നേരിട്ട് സംസാരിച്ചു.
നിക്ഷേപത്തിന്റെ കണക്കും ചോദിച്ച് നാളെ മുതൽ ബുദ്ധിമുട്ടിക്കരുത്. സമയമെടുക്കുന്ന പ്രക്രിയയാണ്. പ്രധാനഘട്ടം മറികടന്നുവെന്നേയുള്ളൂ. ഇൻവെസ്റ്റ് കേരളയെപ്പോലുള്ള നിക്ഷേപക സംഗമത്തിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണഎല്ല പോലുള്ള പ്രമുഖ സംരംഭകൻ അഭിപ്രായപ്പെട്ടത് വലിയ അംഗീകാരമാണ്.
രാഷ്ട്രീയം മാറ്റിവച്ച്
കൈകോർത്തു
കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം മാറ്റിവച്ചാണ് എല്ലാ നേതാക്കളും സഹകരിച്ചതെന്ന് രാജീവ് പറഞ്ഞു. പ്രതിപക്ഷവും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിനൊപ്പം കൈകോർത്തു. അക്കാര്യം ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടു. രണ്ടു ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിൽ പങ്കെടുത്തു. 15 നിക്ഷേപകരുമായി അദ്ദേഹം പ്രത്യേകം സംസാരിച്ചു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ ക്ഷണിക്കാൻ ചെന്നപ്പോൾ ഒരുമണിക്കൂർ ചർച്ചയ്ക്ക് തയ്യാറായി. സംസ്ഥാനത്തിന് വിവിധ പദ്ധതികൾ ഇൻവെസ്റ്റ് കേരളയിൽ പ്രഖ്യാപിച്ചു. കേരളം ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും കേന്ദ്രമന്ത്രിമാർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവും മുൻവ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇൻവെസ്റ്റ് കേരളയിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |