
കോട്ടയം: സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവഗായികയുമായ പി.കെ മേദിനി കമ്മ്യൂണിസ്റ്റ് പാർട്ടി തനിക്ക് നിർമ്മിച്ച വൈക്കം തോട്ടകത്തെ 'റെഡ് സല്യൂട്ട്" വീട് കാണാനെത്തി. വീടിന്റെ ഗൃഹപ്രേവശനവും പാലുകാച്ചലും നാളെയാണെങ്കിലും ഇന്നലെ വീടു കാണാനെത്തിയ മേദിനിയെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡു നേടിയ വൈക്കം വിജയലക്ഷ്മി ചുവന്ന നിറത്തിലുള്ള ഷാൾ അണിയിച്ചു. വിജയലക്ഷ്മിയുടെ കവിളിൽ മേദിനി സ്നേഹ ചുംബനം നൽകി.
മേദിനിയുടെ ഗൃഹപ്രവേശനത്തിനൊപ്പം റെഡ്സല്യൂട്ട് ഭവനത്തിന് മുന്നിൽ നാളെ സി.പി.ഐ സാംസ്കാരിക കൂട്ടായ്മ ഒരുക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം താക്കോൽ കൈമാറുന്ന ചടങ്ങിൽ വൈക്കം വിജയലക്ഷ്മിയും ഫാ.എം.പി ജോർജ് കോർ എപ്പിസ്കോപ്പയും ഗാനങ്ങൾ ആലപിക്കും. മേദിനിയെ കുറിച്ച് സജിതാ മഠത്തിൽ സംവിധാനംചെയ്ത് പി.ആർ.ഡി തയ്യാറാക്കിയ ഡോക്യുമെന്ററി 'മാറ്റത്തിന്റെ പാട്ടുകാരി' പ്രദർശിപ്പിക്കും.
'നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി' നാടകം പോലെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയ മുഖം നൽകുന്നതിന് പതിനൊന്നാം വയസുമുതൽ പാർട്ടി യോഗങ്ങളിൽ പാടിതുടങ്ങിയ മേദിനി 30,000 വേദികളിൽ ഇതിനകം വിപ്ലവഗാനങ്ങൾ പാടിയിട്ടുണ്ട്. മേദിനിക്ക് 96-ാം വയസിലും സ്വന്തമായി ഭൂമിയില്ലെന്നു മനസിലാക്കിയാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അഞ്ചര സെന്റ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകിയത്.
എന്നെ അറസ്റ്റുചെയ്തു കോട്ടയത്തെ ലോക്കപ്പിലാണ് ഇട്ടത്. പി. കൃഷ്ണപിള്ള സഖാവിന്റെ നാട്ടിൽ പാർട്ടി നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിയുക വലിയ അനുഗ്രഹമാണ്.
-പി.കെ മേദിനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |