
പത്തനംതിട്ട : ശബരിമല റോപ് വേ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം വനംവകുപ്പിന് നൽകാൻ റവന്യു വകുപ്പ് കണ്ടെത്തിയത് വനംവകുപ്പിന്റെ തന്നെ ഭൂമി !. വ്യക്തമായ അന്വേഷണം നടത്താതെയായിരുന്നു നടപടി.
ഇടുക്കി കഞ്ഞിക്കുഴി വില്ലേജിലെ 4.5377 ഹെക്ടർ ഭൂമിയാണ് റവന്യു വകുപ്പ് വനംവകുപ്പിന് കൈമാറാനിരുന്നത്. ഈ ഭൂമി അനുയോജ്യമാണോ എന്ന് നിർദ്ദേശിക്കാനും പറഞ്ഞു. പക്ഷേ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് വനംവകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിനെ അറിയിച്ചു. റവന്യു വകുപ്പിന്റെ നടപടി നിയമത്തിന്റെ അന്തസത്തയ്ക്ക് അനുയോജ്യമല്ലെന്നും മറ്റേതെങ്കിലും ഭൂമി ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.
റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രൊജക്ടിന് കീഴിൽ സ്വയംസന്നദ്ധ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി പ്രകാരം വനംവകുപ്പ് ഏറ്റെടുത്ത ഭൂമി കോതമംഗലം ഡിവിഷനിൽ തൊടുപുഴ റേഞ്ചിൽ വേളൂർ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ കൈതപ്പാറ ഭാഗത്താണ്. ബ്ലോക്ക് നമ്പർ 46, സർവേ നമ്പർ 505-1 പി.ടി (പെരിയാർ ടൈഗർ റിസർവ്) യിൽ വരുന്ന ഭൂമി ഉടമകൾക്ക് നഷ്ടപരിഹാരം നൽകി വനംവകുപ്പ് ഏറ്റെടുത്തിട്ടുള്ള 16.6829 ഹെക്ടറിൽ ഉൾപ്പെട്ടതാണ്. 13.0927 ഹെക്ടർ സ്ഥലത്തിന് കേരള ലാന്റ് അസൈമെന്റ് സ്‌പെഷ്യൽ റൂൾസ് 1993 പ്രകാരമുള്ള 9(3) പട്ടയം നൽകിയിട്ടുള്ള സർവേ നമ്പരിൽ വരുന്ന ഭൂമിയുമാണ്. ഉടമസ്ഥാവകാശം മാറ്റി പോക്കുവരവ് ചെയ്യുന്നതിന് ഇടുക്കി തഹസീൽദാർക്ക് വനംവകുപ്പ് അപേക്ഷയും നൽകിയിട്ടുണ്ട്.
ശബരിമലയിൽ 2.7 കിലോമീറ്റർ ദൂരത്തിൽ റോപ് വേ നിർമ്മിക്കാനാണ് വനംവകുപ്പിന്റെ ഭൂമി ഏറ്റെടുത്തത്. ഇതിന് പകരം ഭൂമി കണ്ടെത്താൻ ഏറെക്കാലമായി ശ്രമം നടന്നുവരികയാണ്. 2011ൽ ആരംഭിച്ചതാണ് നിർദ്ദിഷ്ട പദ്ധതി. ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡും മന്ത്രിയും പറഞ്ഞിരുന്നെങ്കിലും പകരം ഭൂമി നൽകൽ അനിശ്ചിതത്വത്തിലായതോടെ പദ്ധതി ഇനിയും നീളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |