SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

വയനാട് ടൗൺഷിപ്പ് ലോക മാതൃക , വ്യാജപ്രചാരണങ്ങൾക്കുള്ള മറുപടി: മുഖ്യമന്ത്രി

s


ഉരുൾദുരന്തബാധിതരെ ചേർത്തുപിടിച്ചു സർക്കാർ

കൽപ്പറ്റ (വയനാട്): നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കൽക്കൂടി രാജ്യത്തിനും ലോകത്തിനും മുമ്പിൽ ഉയർത്തിക്കാട്ടുകയാണ് വയനാട് ഉരുൾ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്. പരസ്പര സ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്നതിൽ അസ്വസ്ഥരാകുന്നവർ സംസ്ഥാനത്തിനെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ സ്‌നേഹമാതൃക.

ഒറ്റരാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ ചേർത്തുപിടിച്ച മനുഷ്യത്വത്തിന്റെ സവിശേഷതയാണ് മുണ്ടക്കൈ, ചൂരൽമല അതിജീവനത്തിൽ നാം കണ്ടത്. വ്യാജപ്രചാരണങ്ങളും കേന്ദ്രസഹായ നിഷേധവും കോടതി വ്യവഹാരങ്ങളും ഉൾപ്പെടെയുള്ള പ്രതിലോമകരമായ ഇടപെടലുകളെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാർത്ഥ്യമായത്. ഒരുമിച്ചു ജീവിക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹം പരിഗണിച്ചാണ് ടൗൺഷിപ്പ് പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.

ദുരന്തബാധിതരെ കൂടുതൽ മെച്ചപ്പെട്ട ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുകയാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് നിൽക്കുന്ന ഏഴുസെന്റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 13 പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയവില്ലേജിൽ ഏറ്റെടുത്ത 5 ഏക്കറിന്റെ പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി.

വീടുകൾ 178 പേർക്ക്

ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്

ടൗൺഷിപ്പിലെ എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകും. കൽപ്പറ്റ എൽ.പി സ്‌കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി

സമാനതകളില്ലാത്ത

സഹായ പ്രവാഹം

വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാൻ സമാനതകളില്ലാത്ത സഹായ പ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്കുണ്ടായത്. 773.98 കോടി സംഭാവന ചെയ്യപ്പെട്ടു. കേന്ദ്രസർക്കാർ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്പാ കുടിശികകൾ പൂർണമായും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1,620 വായ്പകളുടെ കുടിശികയായ 18.75 കോടിയാണ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കൈയിൽ

മുത്തം നൽകി മാധവി

ചടങ്ങിൽ പട്ടയം സ്വീകരിച്ച ദുരന്തബാധിതയായ ചൂരൽമല സ്വദേശി 70കാരി മാധവി മുഖ്യമന്ത്രിയുടെ കൈയിൽ മുത്തമിട്ട് കണ്ണീർ വാർത്തു. മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് നന്ദി പറയാൻ മാധവി തുനിഞ്ഞപ്പോൾ തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി അവരെ ചേർത്തുനിറുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA