SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

ഇന്ന് മാതൃദിനം; മരണം കവർന്ന മകന് അമ്മയുടെ ചിത്രാഞ്ജലി

ph-1-

കണ്ണൂർ: മരണം കവർന്നെടുത്ത മകന്റെ ഓർമ്മയിൽ അവനേറെ ഇഷ്ടമുള്ള ചുമർചിത്രങ്ങൾ വരപ്പിച്ചും അവന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ആശ്വാസം കണ്ടെത്തുന്ന ഒരു അമ്മയുണ്ടിവിടെ. പയ്യന്നൂർ മാത്തിൽ കരുണാദാസ് എന്ന വീട്ടമ്മയാണ് മകന്റെ ജന്മദിനമായ മേയ് 2ന് നഗരങ്ങളിൽ ചുമർചിത്രം വരപ്പിച്ച് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത്.

2015 ജൂൺ 15നാണ് സിക്കീമിൽ ഇന്റേൺഷിപ്പിനു പോയ 20കാരൻ അർജ്ജുൻദാസ് തീസ്ഥ നദിയിൽ മുങ്ങിമരിച്ചത്. മകന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത അവന്റെ ഇഷ്ടങ്ങളിലൂടെ നികത്താൻ ശ്രമിക്കുകയാണ് ഈ അമ്മ. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ മേയ് രണ്ടിനു പയ്യന്നൂർ ഷേണായി സ്ക്വയറിൽ ചിത്രകാരൻ പ്രകാശ് പുത്തൂരാണ് ഇവരുടെ അഭ്യ‌ർത്ഥനയിൽ അർജ്ജുൻദാസിനായി ചിത്രങ്ങൾ വരച്ചത്. കോഴിക്കോടും കണ്ണൂരും ബേക്കലുമെല്ലാം ചുമർചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ബാല്യം മുതൽ വരകളുടെയും വർണങ്ങളുടെയും ലോകത്തായിരുന്നു അർജ്ജുൻ. ചിത്രകലയിൽ പേരെടുത്തുവരുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അർജ്ജുൻ കൂട്ടുകാർക്കൊപ്പം ചുമർചിത്രങ്ങൾ വരച്ചിട്ടുണ്ട്. 2015ൽ കോഴിക്കോട് ചുമരിൽ വരച്ച സിറ്റി ഒഫ് സ്‌പൈസസ് എന്ന വാസ്‌കോഡ ഗാമയുടെ കാരിക്കേച്ചർ ഏറെ ശ്രദ്ധ നേടി.

റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഡിസൈനറായ മകൾ ആരതിയും കരുണാദാസിന് പിന്തുണയുമായി ഒപ്പമുണ്ട്.

കണ്ണീർക്കടൽ കടന്നവരുടെ കൂട്ടായ്മ

മക്കളെ നഷ്ടപ്പെട്ടതിന്റെ ദുഃഖം പേറി ജീവിക്കുന്ന അമ്മമാരെ ചേർത്തുപിടിച്ച് ഒരു കൂട്ടായ്മയും കരുണാദാസ് രൂപീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള അമ്മമാർക്കായി യാത്രകൾ സംഘടിപ്പിച്ചും കൂടിച്ചേരലുകൾ ഒരുക്കിയും അവരെ ഒരുമിപ്പിച്ചു. എല്ലാം അവസാനിച്ചെന്ന് കരുതിയ പലരേയും ഇതിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഇന്ന് കേരളത്തിനു പുറത്തുള്ള നിരവധി അമ്മമാ‌ർ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. മക്കളെ നഷ്ടപ്പെട്ടവർക്ക് വേണ്ടത് സഹതാപമല്ല, പിന്തുണയാണെന്ന് കരുണാദാസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA