SignIn
Kerala Kaumudi Online
Thursday, 22 October 2026 1.37 PM IST

ശബരിമല: ബുക്ക് ചെയ്യാത്തവർക്ക് തിരിച്ചറിയൽ രേഖ വേണമെന്ന് മന്ത്രി

READ ENGLISH VERSION
sabarimala

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് ഓൺലൈൻ ബുക്കിംഗ് നടത്താതെ എത്തുന്ന ഭക്തർ ആധാർ കാർ‌ഡോ അംഗീകൃത തിരിച്ചറിയൽ രേഖയോ പരിശോധനാ സമയം ഹാജരാക്കണമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ളബിലെ 'ശബരിമല സുഖദർശനം" സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബുക്ക് ചെയ്യാതെ വരുന്നവരെ തിരിച്ചയയ്ക്കില്ല. ഇവരുടെ രജിസ്ട്രേഷൻ എങ്ങനെ വേണമെന്ന് പൊലീസും ദേവസ്വം ബോർഡും ചേർന്ന് തീരുമാനിക്കും. നവംബർ പത്തിന് മുമ്പ് പ്രഖ്യാപനമുണ്ടാകും. പതിനെട്ടാം പടി വഴി ഒരു മിനിറ്റിൽ എഴുപതിനും എഴുപത്തഞ്ചിനുമിടയിൽ തീർത്ഥാടകരെ കയറ്റിവിടും. തീർത്ഥാടനത്തിന് മുന്നോടിയായി 40ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടാകും. സന്നിധാനത്ത് നാലായിരം പേർക്കുള്ള വിരിപ്പന്തൽ ഒരുക്കും. സന്നിധാനത്തും പമ്പയിലും ഇ.സി.ജി, എക്കോ, ടി.എം.ടി, രക്തപരിശോധന എന്നിവ നടത്തും. പാമ്പു കടിയേൽക്കാതിരിക്കാൻ പാമ്പു പിടുത്തക്കാരെ നിയമിക്കും. ആയിരം ഡോക്ടർമാരുടെ സംഘം സേവനത്തിനുണ്ടാകും.

15500 വാഹനങ്ങൾക്ക്

പാർക്ക് ചെയ്യാം

നിലയ്ക്കലിൽ 15500 വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പമ്പയിൽ നിന്ന് മല കയറുന്നവർക്ക് ഇരിക്കാൻ ആയിരം സ്റ്റീൽ കസേരകൾ സ്ഥാപിക്കും. ഭക്തർക്ക് കുടിവെള്ള വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ ടോയ്ലറ്റുകൾ സ്ഥാപിക്കും.തീർത്ഥാടന കാലത്തെ സുരക്ഷാ ചുമതല എ.ഡി.ജി.പി ശ്രീജിത്തിനാണ്. 13600 പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും.

ശബരിമല റോപ് വേക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കുളത്തൂരിൽ ഭൂമി അനുവദിച്ചിട്ടുണ്ട്. റോപ് വേ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA