തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതിചേർക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. ദേവസ്വം ബോർഡ് മുൻ അംഗം എ അജികുമാറും അന്തരിച്ച ബി മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിക്കുക.
ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമ്മാണത്തിന് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടാണ് എസ്ഐടി അന്വേഷിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തെ ഇന്നലെയാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയമിച്ചത്. നെയ്യിൽ വലിയൊരു ഭാഗം വഴിമദ്ധ്യേ മറിച്ചുവിറ്റെന്നും പകരം മായം കലർന്നത് എത്തിച്ചെന്നുമാണ് ആരോപണം. 20,000 യൂണിറ്റ് അരവണയ്‌ക്കായി 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ.
മിൽമയിൽ നിന്ന് കൂടിയ വിലയ്‌ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി നഷ്ടമുണ്ടായെന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ശബരിമല സ്വർണക്കൊള്ളയിലും പ്രതിസ്ഥാനത്തുള്ള പരേതനായ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ തുടങ്ങിയത്. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്ത്, ഗുണനിലവാര പരിശോധനയിൽ മികവു പുലർത്തിയ തമിഴ്‌നാട്ടിലെ കുങ്കുമരാജ് ഡയറിയെ ഉൾപ്പെടെ തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ ഏൽപ്പിച്ചത്. മിൽമ പത്തനംതിട്ട ഡയറി പുനെയിലെ കമ്പനിയിൽ നിന്ന് പതിവില്ലാതെ 24,970 കിലോ നെയ്യ് 497 രൂപ നിരക്കിൽ വാങ്ങിയതും തിരിമറി സംശയിക്കാൻ കാരണമായി.
Former Travancore Devaswom Board President P.S. Prasanth will be named an accused in the Sabarimala ghee fraud case, with an FIR to be registered today. A Special Investigation Team is probing alleged irregularities in purchasing ghee for Aravana from Milma last season. The board reportedly incurred a loss of Rs 2.28 crore due to inflated prices and suspected diversion of ghee.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |