SignIn
Kerala Kaumudi Online
Wednesday, 26 August 2026 4.13 PM IST

കെഎസ്ആർടിസിക്കാർക്ക് പ്രണയത്തിലെന്താ കാര്യമെന്ന് ചോദിക്കരുത്, സംഗതി സൂപ്പർ ഹിറ്റായി

ksrtc
ആൽബത്തിലെ അഭിനേതാക്കൾ സംവിധായകൻ വിനുരാജിനൊപ്പം ( നടുവിൽ )

തൊടുപുഴ: ഓണാഘോഷങ്ങൾക്ക് നിറം പകർന്ന് തരംഗണിയുടെ പാട്ട് പുനരാവിഷ്ക്കരിച്ച് ഒരുകൂട്ടം കെ.എസ്.ആർ.ടി.സി ജീവനക്കാർ. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർ ഇത്തവണ പുറത്തിറക്കിയ 'സഫലമീ ഓണം" എന്ന ആൽബമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വീണ്ടും തരംഗമായിരിക്കുന്നത്. അവതരണ ശൈലികൊണ്ട് ഗാനം ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. 'മഞ്ജീരധ്വനി" എന്ന ബാൻഡിൽ പുറത്തിറക്കിയ ആൽബത്തിന്റെ സംവിധാനം കരിമണ്ണൂർ സ്വദേശിയായ ഡ്രൈവ‍ർ വിനുരാജ് മുണ്ടയ്ക്കലാണ്.

1992ൽ ശ്രീകുമാരൻ തമ്പി രചിച്ച് രവീന്ദ്രൻമാഷിന്റെ സംഗീത സംവിധാനത്തിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ 'പൊന്നോണതരംഗണി" എന്ന ആൽബമാണ് പ്രണയകഥയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ അതിമനോഹരമാക്കിയത്. നഷ്ടപ്രണയത്തെതുടർന്ന് നാടുവിട്ട സഹോദരനെ വർഷങ്ങൾക്കു ശേഷം വീണ്ടു കിട്ടുന്ന സഹോദരി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയാണ്. ഈ സമയം അയൽവക്കത്തുള്ള വീട്ടിൽ പഴയ കാമുകിയെ യാദൃശ്ചികമായി കണ്ട് മുട്ടുന്നതോടെ അയാൾ പഴയ പ്രണയകാലം വീണ്ടും ഓർമ്മിക്കുന്നു. ഒടുവിൽ കാമുകിയുടെ കൈപിടിച്ച് നായകൻ വീട്ടിലേക്ക് വരുമ്പോൾ സഹോദരി നിലവിളക്ക് നൽകി സ്വീകരിക്കുന്നതാണ് ഇതിവൃത്തം.

പുനരാവിഷ്കരണത്തിൽ പഴമയുടെ തനിമയ്ക്കൊപ്പം എ.ഐ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ളതാണ് ആൽബം. അടൂർ വടക്കടുത്തുകാവ്, വള്ളിക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പത്തനംതിട്ട യൂണിറ്റിലെ ഡ്രൈവർ അഭിലാഷ് മലയാലപ്പുഴയും ഭാര്യ അസീനയുമാണ് നിർമ്മാതാക്കൾ. പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂർ, തൊടുപുഴ ഡിപ്പോകളിലെ ജീവനക്കാരായ ഹാരിസ് ഹസൻ, സിമി എസ്. നായർ, ബിന്ദു സജീവ്, കലാവിമൽ, ബിന്ദുരാജൻ, സംഗീത ആറന്മുള, ആര്യ ശ്രീനിവാസൻ, ബീനീഷ് കോന്നി, പ്രദീപ് രാജൻ , പി.എസ്. ഷാഹുൽ ഹമീദ്, വൈശാഖ്, ജി. മനോജ്, സനോഷ് എന്നിവരടങ്ങിയ ടീമാണ് അഭിനയവും മറ്റ് സാങ്കേതിക സഹായങ്ങളുമേകിയ ജീവനക്കാർ.

വിനുരാജിന്റെ സംവിധാനത്തിൽ 2025ലെ ക്രിസ്മസിന് പുറത്തിറങ്ങിയ ഇന്ദ്രവല്ലരി എന്ന ആൽബവും കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഗ്രാമവണ്ടി എന്ന ഷോർട്ട് ഫിലിമും ഏറെ ശ്രദ്ധേയമായിരുന്നു.

English Summary

KSRTC employees have recreated the iconic 1992 Onam album 'Ponnona Tharangan' into a new version titled "Saphalamee Onam." Directed by KSRTC driver Vinu Raj Mundakkal, the album seamlessly blends traditional aesthetics with AI technology to narrate a unique love story. Produced by driver Abhilash Malayalappuzha, this rendition has garnered significant attention on social media for its innovative presentation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THARANGINI SONG, KSRTC EMPLOYEES, KSRTC SONG, THARANGANIS SONG RECREATION, KSRTC VIRAL SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA