SignIn
Kerala Kaumudi Online
Monday, 24 August 2026 12.21 PM IST

4122 കോടി കിട്ടി, ശമ്പളം കിട്ടും,​ 15 വർഷത്തിന് ശേഷം ആദ്യമായി ശമ്പളമില്ലാത്ത ഒന്നാം തീയതി

READ ENGLISH VERSION

kn-balagopal

തിരുവനന്തപുരം: ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തിയ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ ലഭിച്ചത് ആശ്വാസമായി. നികുതി വിഹിതത്തിന്റെ പതിവ് ഗഡുവായി 2736കോടിയും അൺക്ളെയിംഡ് ഐ.ജി.എസ്.ടി.യുടെ വിഹിതമായ 1386കോടിയും ചേർത്താണ് 4122കോടി കിട്ടിയത്.സാധാരണഗതിയിൽ മാർച്ച് അവസാനമാണ്ഇതു കിട്ടാറുള്ളത്. അപ്രതീക്ഷിതമായാണ് ഒന്നാം തീയതിയായ ഇന്നലെത്തന്നെ തുക എത്തിയത്. ട്രഷറി ഓവർഡ്രാഫ്ടിന്റെ പരിധി മറികടക്കാതിരിക്കാനും ശമ്പള,പെൻഷൻ വിതരണം തുടങ്ങാനും ഇത് സഹായിച്ചു.എന്നാൽ, ഇത് മതിയാവില്ല.

സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ ഈ മാർച്ച് കടക്കാൻ ചുരുങ്ങിയത് 22000കോടിയെങ്കിലും വേണം. ട്രഷറി നിക്ഷേപത്തിൽ നിന്നെടുത്തശേഷം തിരിച്ചടച്ച വായ്പ വീണ്ടും ലഭ്യമാക്കിയും വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിലും 13608കോടി കണ്ടെത്താനാവും. പക്ഷേ, അതിന്കേന്ദ്രം അനുവദിക്കണം.സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ കൊടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ അനുമതി നൽകില്ലെന്നാണ് കേന്ദ്രനിലപാട്. ഇനി പ്രതീക്ഷ മാർച്ച് 6,7 തീയതികളിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിലാണ്.

ഈ മാസം ശമ്പളം പോലും നൽകാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. ട്രഷറിയിലും സഹകരണബാങ്കുകളിലും ക്ഷേമബോർഡുകളിലും നിന്ന് തൽക്കാലം ലഭ്യമാക്കാവുന്ന തുകയ്ക്ക് പരിമിതിയുണ്ട്.

ഇലക്ഷൻ പ്രഖ്യാപനത്തിന് മുമ്പ്

സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിനുള്ള ഉത്തരവെങ്കിലും പുറത്തിറക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ അതിനുപോലും കഴിയാത്ത അവസ്ഥയാണ്.

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡി.എ.കുടിശിക നൽകുമെന്ന് പ്രഖ്യാപനമുണ്ട്. അതും വൈകിയേക്കും.

3700 കോടി:

നിലവിലെ ഓവർഡ്രാഫ്ട്

3336 കോടി:

ശമ്പളം കൊടുക്കാൻ

വേണ്ടിവരുന്നത്

2353 കോടി:

പെൻഷൻ കൊടുക്കാൻ

വേണ്ടിവരുന്നത്

5689 കോടി:

രണ്ടിനുംകൂടി

വേണ്ട തുക

# 22000 കോടി മാർച്ചിൽ വേണം

സാമൂഹ്യക്ഷേമപെൻഷന്റെ ആറ് മാസത്തെ കുടിശികയടക്കം ഏകദേശം 40000കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്. പ്ളാൻഫണ്ട്,ബാങ്ക് കുടിശികകൾ,വായ്പ തിരിച്ചടവ്, ശമ്പളപെൻഷൻ വിതരണം, കരാർ കുടിശിക,ആനുകൂല്യവിതരണം,തുടങ്ങി സാമ്പത്തിക വർഷാവസാനം നിർവഹിക്കേണ്ട ചെലവുകൾ മാത്രം 22000കോടിയോളം വരും.

15 വർഷത്തിനുശേഷം ആദ്യമായി

ശമ്പളമില്ലാത്ത ഒന്നാം തീയതി

1. ഒന്നാം തീയതി മുതൽ പത്താംതീയതിവരെയുള്ള ദിവസങ്ങളിലാണ് ജീവനക്കാരുടെ ശമ്പളവിതരണം. സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊലീസിനും മറ്റു ചില വിഭാഗങ്ങൾക്കും ഒന്നാംതീയതിയാണ് ശമ്പളവിതരണം. പതിനഞ്ചുവർഷത്തിനുശേഷം അത് ആദ്യമായി മുടങ്ങി. ഇതിനു മുമ്പ് എ.കെ.ആന്റണി ഭരിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടായത്.

2.സാങ്കേതികപ്രശ്നങ്ങൾ മൂലം ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻകഴിഞ്ഞില്ലെന്നാണ് ട്രഷറി ഡയറക്ടറുടെ വിശദീകരണം.പെൻഷനും ഭൂരിഭാഗം അക്കൗണ്ടുകളിലും എത്തിയില്ല. ഇന്ന് വിതരണം ചെയ്തേക്കും.

"സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കേസ് പിൻവലിച്ചാലെ 13608 കോടിരൂപയുടെ അർഹമായ വായ്പപോലും എടുക്കാൻ അനുവദിക്കൂ എന്ന കേന്ദ്രനിലപാട് കോടതിയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ് .ഇത് സുപ്രീംകോടതിയിൽ ഉന്നയിക്കും."

-കെ.എൻ.ബാലഗോപാൽ

സംസ്ഥാന ധനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA