
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് പകുതിയാക്കി വെട്ടിക്കുറച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതികൾ 50% വെട്ടിയതിന്റെ ഭാഗമായാണിത്. പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്‌സ്മെന്റ്, വിദേശത്തു പഠിക്കാനുള്ള സ്‌കോളർഷിപ്പ്, മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയിലടക്കം വെട്ടിക്കുറവുണ്ട്. തുക 50 ശതമാനം വെട്ടിക്കുറയ്ക്കുന്നതോടെ അത്രയും വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിൽ നിന്ന് ഒഴിവാക്കും.
പട്ടികജാതി വകുപ്പിന്റെ പദ്ധതികൾ 60ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട്. വിദ്യാഭ്യാസ സഹായ പദ്ധതി, ലൈഫ് മിഷനിൽ വീടും ഭൂമിയും നൽകുന്ന പദ്ധതി തുടങ്ങിയവയിലെ വിഹിതമാണ് കുറച്ചത്. ലൈഫ് ഭവനപദ്ധതിക്ക് 300കോടി വകയിരുത്തിയത് 120കോടിയാക്കി. ഭാഗികമായി നിർമ്മിച്ച വീടുകൾ പൂർത്തിയാക്കാൻ 222.06കോടി വകയിരുത്തിയിരുന്നത് 173.06കോടിയാക്കി. വീടുവയ്ക്കാൻ ഭൂമിവാങ്ങാൻ സഹായം നൽകുന്ന 170കോടിയുടെ വിഹിതം 70.25കോടിയാക്കി. പട്ടികജാതി പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷ്വറൻസ് പദ്ധതിയായ വാൽസല്യ നിധിക്ക് 10 കോടി വകയിരുത്തിയെങ്കിലും ഒരു രൂപ പോലും കൊടുത്തിട്ടില്ല.
ന്യൂനപക്ഷ സ്‌കോളർഷിപ്പ്
പുനഃസ്ഥാപിക്കണം: സതീശൻ
തിരുവനന്തപുരം: വെട്ടിക്കുറച്ച ന്യൂനപക്ഷ സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്‌കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിൽ 2.62കോടിയും വിദേശ സ്കോളർഷിപ്പികളിൽ 85 ലക്ഷവും എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ് 41 ലക്ഷവുമാണ് വെട്ടിയത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പാവപ്പെട്ട വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിലും സർക്കാർ കൈവച്ചത്. സർക്കാർ ആരുടെ കൂടെയാണെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |