SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

സ്‌കോളർഷിപ്പ് ചട്ടത്തിൽ മാറ്റം: ഒന്നിലേറെ സ്‌കോളർഷിപ്പുകളിൽ ഇനിമുതൽ അപേക്ഷിക്കാം

aa

ന്യൂഡൽഹി: ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്.പി) വരുത്തിയ പുതിയ മാറ്റങ്ങൾ പ്രകാരം യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഒന്നിലേറെ ഗവൺമെന്റ് സ്‌കോളർഷിപ്പുകൾക്ക് ഒരേസമയം അപേക്ഷിക്കാനും ആനുകൂല്യങ്ങൾ കൈപ്പറ്റാനും അവസരം. മുൻപുണ്ടായിരുന്ന 'ഒരു വിദ്യാർത്ഥിക്ക് ഒരു സ്‌കോളർഷിപ്പ്' എന്ന നിബന്ധന ഒഴിവാക്കിയാണ് പുതിയ ചട്ടം. ഇതനുസരിച്ച് ഒരു മെറിറ്റ് അധിഷ്ഠിത സ്‌കോളർഷിപ്പിനോടൊപ്പം ഒന്നോ അതിലധികമോ ക്ഷേമാധിഷ്ഠിത സ്‌കോളർഷിപ്പുകളിലും അപേക്ഷിക്കാൻ കഴിയും. പഠനമികവിന് ലഭിക്കുന്നതാണ് മെറിറ്റ് അധിഷ്ഠിത സ്‌കോളർഷിപ്പുകൾ. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഗണിച്ച് സഹായം നൽകുന്നവയാണ് ക്ഷേമാധിഷ്ഠിത പദ്ധതികൾ. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികളും ഇതിൽ ഉൾപ്പെടും. ഒരേ വിദ്യാർത്ഥി വിവിധ പദ്ധതികളിൽ അപേക്ഷിക്കുമ്പോൾ വിവരങ്ങൾ തമ്മിൽ പരിശോധിച്ച് അർഹത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് എൻ.എസ്.പിയിൽ ഒരുക്കുന്നത്. ഇതുവഴി ഒരേ ആനുകൂല്യം ആവർത്തിച്ച് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം അർഹരായ വിദ്യാർത്ഥികളെ വിവിധ പദ്ധതികളിൽ നിന്ന് ഒഴിവാക്കാതെ പരിഗണിക്കാൻ കഴിയും.

 അപേക്ഷാ നടപടികൾ ലളിതം

ഒരു പദ്ധതിയിൽ അപേക്ഷിക്കുമ്പോൾ നൽകിയ വിവരങ്ങൾ മറ്റൊരു സ്‌കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ വീണ്ടും നൽകേണ്ടിവരില്ല. പകരം അവ സ്വമേധയാ പൂരിപ്പിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കുന്നത് കൂടുതൽ ലളിതമാകും. 2026-27 മുതൽ മെറിറ്റ്, ക്ഷേമ വിഭാഗങ്ങളിലെ സ്‌കോളർഷിപ്പുകൾ പ്രത്യേകം പരിഗണിച്ചാകും എൻ.എസ്.പി വഴി അപേക്ഷകൾ സ്വീകരിക്കുക. ഒന്നിലേറെ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഓരോ പദ്ധതിയുടെയും യോഗ്യതയും മറ്റ് നിബന്ധനകളും പരിശോധിച്ച ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA