SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 PM IST

ഭാവിക്കായി ശാസ്ത്രപാഠങ്ങൾ എഴുതി വൃന്ദയും ഹരീഷും

d

തിരുവനന്തപുരം: ഡോ. വൃന്ദ മുകുന്ദന്റെയും ഡോ. ഹരീഷ് വി.എസിന്റെയും കണ്ടെത്തലുകൾ വരും തലമുറയ്ക്കുള്ള ശാസ്ത്രപാഠങ്ങളാണ്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അർഹരായ യുവപ്രതിഭകൾ.

ചൊവ്വയെക്കുറിച്ചുള്ള കൗതുകങ്ങളിൽ നിന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഫാക്കൽറ്റിയായ ഡോ. വൃന്ദ മുകുന്ദന്റെ പഠനം ആരംഭിക്കുന്നത്. വി.എസ്.എസ്.സി സ്പേസ് ഫിസിക്സ് ലബോറട്ടറിയിൽ നിന്ന് 2018ൽ ഭൗതികശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. അതിനുശേഷം വി.എസ്.എസ്.സിയിൽ നിന്ന് പോസ്റ്റ് ‌ഡോക്ടറൽ ഫെലോഷിപ്പും ലഭിച്ചു. ചൊവ്വയുടെ അയണോസ്‌ഫിയറിനെക്കുറിച്ച് ആരംഭിച്ച പഠനം ആറുവർഷമായി തുടരുന്നു. ഈ പഠനമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്.

ചൊവ്വയെക്കുറിച്ചുള്ള നാസയുടെ പഠനമായ 'മാവീൻ" (maven) ദൗത്യത്തിലെ കണ്ടെത്തലുകളെ വ്യാഖ്യാനിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന വൃന്ദ ഇതിനായി ഒരു അയണോസ്ഫിയറിക് മോഡ‌ലും വികസിപ്പിച്ചു. ഗ്രഹങ്ങളുടെ താരതമ്യപഠനമാണ് അടുത്തലക്ഷ്യം.

ഐ.എസ്.ആർ.ഒയിൽ എൻജിനിയറായി റിട്ടയർ ചെയ്ത കെ.മുകുന്ദന്റെയും ആലുവ യു.സി കോളേജിൽ ഫിസിക്സ് അദ്ധ്യാപികയായിരുന്ന സുഭദ്ര‌യുടേയും മകളാണ്. ഐ.ടി എൻജിനിയറായ വിവേക് കൃഷ്‌ണനാണ് ഭർത്താവ്. മകൾ സുമിത്ര യു.കെ.ജി വിദ്യാർത്ഥിയാണ്.

45 സസ്യങ്ങളെ കണ്ടെത്തിയ ശാസ്ത്രപ്രതിഭ

ഇന്ത്യ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നായി 45 ഇനം പുതിയ സസ്യങ്ങളെ കണ്ടെത്തിയ ശാസ്ത്രപ്രതിഭയാണ് ഡോ. ഹരീഷ്.വി.എസ്. വംശനാശം സംഭവിച്ചെന്ന് വിശ്വസിച്ചിരുന്ന അഞ്ച് ചെടികളെ കണ്ടെത്തിയ ഇദ്ദേഹം,​ സമഗ്രസംഭാവനയ്ക്കാണ് യുവശാസ്ത്രജ്ഞ പുരസ്കാരം നേടിയത്. 2019ൽ ബോട്ടണിയിൽ പിഎച്ച‌്.ഡി നേടി. ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയുടെ യുവശാസ്ത്രജ്ഞ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കർഷക കുടുംബത്തിൽ ജനിച്ച ഹരീഷ് ചെറുപ്പം മുതൽ സസ്യനിരീക്ഷണത്തിൽ തത്പരനായിരുന്നു.

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ളാന്റ് സയൻസസിലെ ജൂനിയർ സയിന്റിസ്റ്റാണ്. തൃശൂർ കുന്നുംകുളം കാട്ടക്കാമ്പാൽ വടക്കൂട്ട് ശങ്കരന്റേയും ശാരദയുടേയും മകൻ. ഭാര്യ ഡോ. എസ്.എൻ.പ്രീതാമോൾ ചേളന്നൂർ എസ്.എൻ കോളേജിൽ ഗസ്റ്റ് ലക്‌ചററാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA