
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്ര് ഹൗസ് ക്യാമ്പസിൽ പന്തൽ കെട്ടിയുള്ള സമരം എസ്.എഫ്.ഐ പിൻവലിക്കാതിരുന്നതോടെ, ഫെബ്രുവരി നാലിന് ചേരാൻ നിശ്ചയിച്ച സെനറ്റ് യോഗം മാറ്റിവച്ചു. ഗവർണർക്ക് സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്കാണ് മാറ്റിയത്. യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്തതിലും യൂണിയൻ രൂപീകരിക്കാനാവാത്തതിലും പ്രതിഷേധിച്ചാണ് സമരം. രജിസ്ട്രാർ ഡോ.അനിൽകുമാർ ഇന്ന് വിദ്യാർത്ഥികളുമായി വീണ്ടും ചർച്ച നടത്തും..
സെനറ്റ് യോഗം ചേരാനാവില്ലെന്ന് ഇന്നലെ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ രാജ്ഭവനിലെത്തി ഗവർണറെ അറിയിച്ചു. തിങ്കളാഴ്ചത്തെ സിൻഡിക്കേറ്റ് യോഗവും മാറ്റിവച്ചിരുന്നു. നാലിന് നിശ്ചയിച്ച യോഗത്തിൽ ഗവർണർ പങ്കെടുക്കാനിരുന്നതാണ്.
കഴിഞ്ഞ സെപ്തംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം ചെയ്യാനായിരുന്നില്ല. സെനറ്റിലേക്കുള്ള പത്ത് വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വൻസംഘർഷമുണ്ടായി. ഇതിനിടെ തിരഞ്ഞെടുപ്പിന്റെ രേഖകൾ നശിപ്പിക്കപ്പെട്ടു. ഇതേക്കുറിച്ചുള്ള 3 കേസുകൾ കോടതിയിലുണ്ട്. കോടതി ഉത്തരവുണ്ടായാൽ 24മണിക്കൂറിനകം വിജ്ഞാപനമിറക്കാമെന്ന് രജിസ്ട്രാർ വിദ്യാർത്ഥികളെ അറിയിച്ചതാണെങ്കിലും എസ്.എഫ്.ഐ വഴങ്ങിയില്ല.
സംഘർഷത്തിൽ രേഖകൾ നശിച്ചതടക്കം അന്വേഷിച്ച സിൻഡിക്കേറ്റ് ഉപസമിതി നാലുമാസം കഴിഞ്ഞാണ് റിപ്പോർട്ട് നൽകിയത്. വോട്ടെണ്ണൽ പൂത്തിയാക്കി യൂണിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചതാണെന്നും വോട്ടെണ്ണൽ രേഖകളില്ലെങ്കിലും വിസിക്ക് വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതേയുള്ളൂവെന്നുമുള്ള ഉപസമിതിയുടെ റിപ്പോർട്ട് രജിസ്ട്രാർ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് അടുത്ത മൂന്നിന് വി.സി സത്യവാങ്മൂലം നൽകാൻ കോടതി ഉത്തരവിട്ടത്.
കേസുമില്ല,
നടപടിയുമില്ല
സർവകലാശാലാ വളപ്പിൽ മൈക്ക് കെട്ടി പ്രസംഗവും വിദ്യാർത്ഥികളുടെ നൃത്ത പ്രകടനങ്ങളും കാരണം ഓഫീസുകളുടെ പ്രവർത്തനം താറുമാറായിട്ടുണ്ടെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല, പന്തൽ പൊളിക്കുന്നുമില്ല.യൂണിവേഴ്സിറ്റിയുടെ പരാതിയിൽ പന്തൽ പൊളിക്കാനാവശ്യപ്പെട്ടില്ലെന്നാണ് വിശദീകരണം.
വിജയത്തിന്
രേഖകളില്ല
യൂണിയൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടതിന് ഒറ്ര രേഖയും യൂണിവേഴ്സിറ്രിയിലില്ല. രേഖയില്ലാതെ വിജയികളെ പ്രഖ്യാപിക്കാനാവില്ലെന്ന് വി.സി നിലപാടെടുത്തു. റീ-ഇലക്ഷൻ നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അക്കാഡമിക് വർഷം കഴിഞ്ഞതിനാൽ കോളേജ് യൂണിയനുകളിൽ പുതിയ ഭാരവാഹികളായതിനാൽ പുതിയ ആളുകൾക്ക് മത്സരിച്ച് ജയിക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |