
തിരുവനന്തപുരം: എഴുത്തുകാരന്റെ മകൾ, ഭാര്യ, മരുമകൾ എന്നീ നിലകളിൽ തൂലികയുടെ ശക്തി അറിയാവുന്ന തനിക്ക് എൻ. രാമചന്ദ്രനെപ്പോലൊരു കഴിവുറ്റ മാദ്ധ്യമപ്രവർത്തകന്റെ പേരിൽ ലഭിച്ച പുരസ്കാരം ഏറ്റവും വലിയ ആദരവാണെന്ന് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ശബാന ആസ്‌മി.
പ്രശസ്ത പത്രപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. ഈ വേദിയിൽ ശശി തരൂർ ഉൾപ്പെടെയുള്ളവർ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ വികാരഭരിതയാവുന്നതായും അവർ പറഞ്ഞു.
ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ട്രിവാൻഡ്രം ക്ലബിലെ പി. സുബ്രഹ്മണ്യം ഹാളിൽ ശശിതരൂർ എം.പി ശബാന ആസ്‌മിക്ക് നൽകി. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷനായിരുന്നു. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണവും വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ മുഖ്യപ്രഭാഷണവും നടത്തി. കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ പ്രശസ്തിപത്രം പാരായണം ചെയ്തു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ശശിതരൂരിനും ഷാജി എൻ. കരുണിനും കെ. ജയകുമാറിനും മെമെന്റോ നൽകി.
എൻ.രാമചന്ദ്രൻ്റെ മക്കളായ ലക്ഷ്മി ദേവിയും ലേഖ മോഹനും ചടങ്ങിൽ പങ്കെടുത്തു.
ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ജയിംസ് സ്വാഗതവും മുൻ മന്ത്രിയും വൈസ് പ്രസിഡന്റുമായ ബാബുദിവാകരൻ നന്ദിയും പറഞ്ഞു.
ഭൂരിപക്ഷമല്ല എപ്പോഴും ശരി : തരൂർ
ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന്, താനുമായി ബന്ധപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയർന്ന വിവാദത്തെ പരോക്ഷമായി സൂചിപ്പിച്ച് ശശി തരൂർ. ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യം. അഞ്ചുപേരായ പാണ്ഡവരാണ് കൗരവർക്കെതിരെ നിന്നത്.
താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും പലരും ഒപ്പം വന്നെന്നും തരൂർ പറഞ്ഞു. ജീവിതഗന്ധിയായ സിനിമകളിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശബാന ഇന്ത്യൻ സിനിമയിൽ പുതിയവഴി തുറന്ന നടിയാണ്. സഫ്‌ദർ ഹാഷ്‌മിയുടെ മരണശേഷം നടന്ന ദേശീയ സിനിമാ അവാർഡുദാന ചടങ്ങിൽ ഹാഷ്‌മിയെ അനുസ്‌മരിക്കേണ്ടതാണെന്ന് മൈക്കെടുത്തു പറഞ്ഞ് കേന്ദ്രമന്ത്രിയെ ഉൾപ്പെടെ ഞെട്ടിച്ചയാളാണ് ശബാനയെന്നും തരൂർ പറഞ്ഞു.
പഠനകാലത്തേ മികവ്
തെളിയിച്ച നടി: ഷാജി
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തേ കഴിവ് തെളിയിച്ച നടിയാണ് ശബാനയെന്ന് സംവിധായകൻ ഷാജി എൻ.കരുൺ. ഞാൻ സിനിമോട്ടോഗ്രഫിയും ശബാന അഭിനയവും പഠിക്കാനാണ് പൂനെയിലെത്തിയത്. സഹപാഠികളായ തങ്ങളുടെ ബന്ധം ഊഷ്‌മളമായി തുടരുന്നു. എന്റെ പേരിൽ ജി ഉണ്ട്. പക്ഷേ ശബാനയുടെ പേരിൽ ജി ഇല്ലാത്തതിനാൽ ജി ചേർത്ത് വിളിക്കുകയാണെന്ന ഷാജിയുടെ തമാശ ശബാനയെയും സദസിനെയും ചിരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |