SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

അഭിനയ പ്രതിഭകളെ സൃഷ്ടിച്ച രാജശില്പി

shyam-benegal

തിരുവനന്തപുരം: ആരാണ് മികച്ച നടി? സ്മിതാ പാട്ടീലോ..? ശബാന ആസ്മിയോ? സ്മിത മരിച്ച ശേഷമായിരുന്നു ആ ചോദ്യമെങ്കിലും ശ്യാംബെനഗൽ കൃത്യമായി ഉത്തരം നൽകി. സ്മിത ജന്മനാനടിയായിരുന്നു. ബോൺ ആ​ക്ട്രസ്.

എന്നാൽ ശബാന ഒരു ട്രെയിൻഡ് ആക്ടറാണ്. നിരന്തര പരിശീലനത്തിലൂടെ അനുദിനം സ്വയം മെച്ചപ്പെടുത്തുന്ന നടി.

രണ്ടു പേരും ഒന്നിനൊന്നു മികച്ച നടിമാരാണ്.

തലസ്ഥാനത്ത് ഒരു ചലച്ചിത്രോത്സവവേളയിൽ കേരളകൗമുദിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് ബെനഗലിനോട് ഈ ചോദ്യം ചോദിച്ചു? സ്മിതയുടെയും ശബാനയുടെയും ഗോഡ് ഫാദർ ബെനഗലായിരുന്നു. ഇവർ ഇരുവരും മാത്രമല്ല. നസറുദ്ദീൻ ഷാ, ഓം പുരി,ഖുൽബൂഷൻ കർബന്ദ, അമരിഷ് പുരി തുടങ്ങി അതുല്യനടൻമാരായ പ്രതിഭകളിൽ പലരുടെയും തലതൊട്ടപ്പൻ ശ്യാംബെനഗലായിരുന്നു. ഇന്ത്യൻ സിനിമയ്‌ക്ക് പ്രതിഭാശാലികളായ അഭിനേതാക്കളെ സമ്മാനിച്ച് നവസിനിമ തരംഗം തീർത്ത ശില്പികളിൽ ഒരാളാണ് കടന്നു പോകുന്നത്.

അങ്കൂർ എന്ന തന്റെ ആദ്യ ചിത്രത്തിൽ (1973) ശബാന ആസ്മിയും അനന്ത് നാഗിനെയും ഒരുമിച്ചു അവതരിപ്പിച്ചു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശബാനയ്‌ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാർഡ് സിനിമയ്ക്കും ലഭിച്ചു. കഴിഞ്ഞയാഴ്ച ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്ത ശബാന അമ്പത് വർഷം പൂർത്തിയാക്കിയ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിക്കവെ നന്ദിപൂർവം ബെനഗലിനെ സ്‌മരിച്ചിരുന്നു. നഗരത്തിലെ പെൺകുട്ടിയായ തന്നെ ഗ്രാമീണവനിതയാക്കി അങ്കൂറിൽ അഭിനയിപ്പിച്ചത് ബെനഗലിലെ സംവിധായകന്റെ മിടുക്കായിരുന്നുവെന്നും ശബാന പറഞ്ഞു. അങ്കൂറിനുശേഷം വന്ന നിഷാന്തിൽ ശബാനയും സ്മിതയും മത്സരിച്ച് അഭിനയിച്ചു. 'ഓരോ ഷോട്ട് കഴിയുമ്പോഴും സ്മിത ഓടി വന്ന് ചെവിയിൽ ചോദിക്കുമായിരുന്നു ആരാണ് മികച്ചതെന്ന്. താനോ ശബാനയോ?. ഒരു വികാര ജീവിയായിരുന്നു അവൾ. പാവം. വളരെ നേരത്തെ പോയി.' അന്ന് ബെനഗൽ പറഞ്ഞതോർക്കുന്നു. നിഷാന്ത് കാൻ ഫിലിം ഫെസ്റ്റിവലിൽ (1975) പാം ഡി ഓറിനു മത്സരിച്ചിരുന്നു. അന്ന് ശബാനയും സ്മിതയും ബെനഗലിനൊപ്പം കാനിൽ പങ്കെടുത്തു. ബെനഗലിന്റെ മണ്ഡിയിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. മറാത്തി സ്റ്റേജ് ആർട്ടിസ്റ്റായിരുന്ന ഹൻസാ വഡ്കറുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഭൂമികയിൽ നായികയായ സ്‌മിതാ പാട്ടീലിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

നിഷാന്തിനു ശേഷംം മന്ഥൻ, ഭൂമിക തുടങ്ങി ഒന്നിനു പിറകെ ഒന്നായി ബെനഗൽ ചിത്രങ്ങൾ വന്നു. ഇന്ത്യയിലെമ്പാടും ബെനഗലിന് ആരാധകരുണ്ടായി. പല തവണ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. മൊത്തം പതിനെട്ട് ദേശീയ അവാർഡുകൾ. ജവഹർ ലാൽ നെഹ്റുവിന്റെ ഡിസ്‌ക്കവറി ഒഫ് ഇന്ത്യ 53 എപ്പിസോഡുള്ള ദൂരദർശൻ സീരിയലാക്കി. സത്യജിത് റേയെക്കുറിച്ച് ഡോക്കുമെന്ററി ചെയ്തു. മേക്കിംഗ് ഒഫ് മഹാത്മ, നേതാജി സുഭാഷ് ചന്ദ്രബോസ് ദി ഫോർഗോട്ടൺ ഹീറോ തുടങ്ങി സ്വാതന്ത്ര്യ കാലഘട്ടത്തിന്റെ ചിത്രങ്ങളും എടുത്തു.

പരസ്യ ഏജൻസിയിലെ കോപ്പിറൈറ്ററും ഫോട്ടോഗ്രാഫറുമായിട്ടാണ് ബെനഗൽ കരിയർ തുടങ്ങുന്നത്. അമൂലിന്റെ പരസ്യ കാമ്പയിനിന്റെ ക്രിയേറ്റീവ് ഹെഡായിരുന്നു. താൻ കുട്ടിയായിരിക്കുമ്പോൾ അമൂലിന്റെ പരസ്യത്തിനു വേണ്ടി ആദ്യമായി തന്റെ ഫോട്ടോ എടുത്തത് ബെനഗലായിരുന്നുവെന്ന് ശശിതരൂരിന്റെ സഹോദരി ശോഭ തരൂർ പറഞ്ഞു. അമൂൽ ബേബിയായി കുഞ്ഞുപ്രായത്തിൽ മോഡൽ ചെയ്തപ്പോഴായിരുന്നു അത്. പിൽക്കാലത്ത് ശ്യാം ബെനഗലിനെ അങ്ങോട്ടുപോയി പരിചയപ്പെട്ട കാര്യവും ശോഭ അനുസ്‌മരിച്ചു. മലയാള സിനിമകളോട് എന്നും താത്പര്യം കാട്ടിയ ബെനഗലിന് കേരളം എന്നും പ്രിയപ്പെട്ടതായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHYAM BENEGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA