
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന പ്രൊഫ. സിസാ തോമസിന് പെൻഷനും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ നടപടി തുടങ്ങിയില്ല. താത്കാലിക പെൻഷനും കുടിശികയും രണ്ടാഴ്ചയ്ക്കകം നൽകണമെന്നാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ഒരു കോടിയോളം രൂപ സിസയ്ക്ക് നൽകേണ്ടതുണ്ട്.
ട്രൈബ്യൂണൽ ഉത്തരവുമായി സിസ സർക്കാരിനെ സമീപിച്ചേക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ സിസയെ സാങ്കേതിക സർവകലാശാലയുടെ വി.സിയായി ഗവർണർ നിയമിച്ചിരുന്നു. ഗവർണറുടെ ഉത്തരവ് അനുസരിച്ച് വി.സിയായി ചുമതലയേറ്റതാണ് അവരെ സർക്കാരിന്റെ കണ്ണലെ കരടാക്കിയത്.
റഹീമിന്റെ മോചനം:
എട്ടാം തവണയും മാറ്റി
കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനക്കേസിൽ വിധി പറയുന്നത് എട്ടാം തവണയും മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് കോടതി കേസ് മാറ്റിയത്. മാർച്ച് മൂന്നിന് സൗദി സമയം 10 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 ) കേസ് പരിഗണിക്കുമെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു. സൂക്ഷ്മപരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ രണ്ടിന് പരിഗണിച്ച കേസ് ഇന്നലത്തേക്ക് മാറ്റിയത്.
കലാകാരന്മാരുടെ സൃഷ്ടികൾ
ഡിജിറ്റലൈസ് ചെയ്യും:
മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കലാകാരന്മാരുടെ ജീവിതവും കലാസൃഷ്ടികളും കലാപ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സ്വാതി സംഗീതപുരസ്കാരവും കേരള സംഗീതനാടക അക്കാഡമിയുടെ എസ്.എൽ.പുരം സദാനന്ദൻ നാടക പുരസ്കാരങ്ങളും നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2021ലെ സ്വാതി പുരസ്കാരം കർണാടക സംഗീതജ്ഞൻ പി.ആർ.കുമാര കേരളവർമ ഏറ്റുവാങ്ങി. 2021,2022 വർഷങ്ങളിലെ നാടക പുരസ്കാരങ്ങൾ കെ.പി.എ.സി ലീലയും വേട്ടക്കുളം ശിവാനന്ദനും സ്വീകരിച്ചു.
ചടങ്ങിൽ അദ്ധ്യക്ഷനായ ആന്റണിരാജു പുരസ്കാര ജേതാക്കളെ പൊന്നാട അണിയിച്ചു. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ പി.ആർ.പുഷ്പവതി,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ആദരപത്ര പാരായണം നടത്തി. പുരസ്കാര ജേതാക്കൾ മറുപടിപ്രസംഗം നടത്തി. സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ സ്വാഗതവും കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി നന്ദിയും പറഞ്ഞു.
എളമരത്തിന്റെ അധിക്ഷേപം --
പബ്ലിക് ഹെൽത്ത് നഴ്സുമാർ
നിസഹകരണ സമരത്തിൽ
തിരുവനന്തപുരം: സി.ഐ.ടി.യു നേതാവ് എളമരം കരീം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് നഴ്സുമാർ നിസഹകരണ സമരത്തിൽ. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ ആശാപ്രവർത്തകരുടെ രാപകൽ സമരത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു അധിക്ഷേപവും ഭീഷണിയും.
ആശാവർക്കർമാരുടെ ആനുകൂല്യങ്ങൾ തങ്ങൾ വെട്ടിക്കുറയ്ക്കുന്നെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൽ.ദീപ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫീൽഡുതല പ്രവർത്തനങ്ങളിൽ നഴ്സുമാരെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ആശാപ്രവർത്തകരുടെ ജോലികളിൽ തങ്ങൾ ഇടപെടാറില്ല. ആശാവർക്കർമാരുടെ പ്രവർത്തനം നാഷണൽ പോർട്ടലിൽ എൻട്രി ചെയ്യുന്നത് നഴ്സുമാരാണ്. ചില വർക്കർമാർ റിപ്പോർട്ടുകൾ കൃത്യമായി നൽകുന്നില്ല. ഇതാണ് പ്രശ്നം. ആശാപ്രവർത്തകരുടെ അവലോകനയോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. ആശാലത, ജില്ലാ പ്രസിഡന്റ് ഡി.എസ്. ലീലാ ഡാനിയേൽ, സെക്രട്ടറി ഒ.ബീന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |