
ശിവഗിരി: സർവലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭാവമാണ് ശ്രീനാരായണഗുരുദേവന്റേതെന്ന് ലോകത്തെ അറിയിച്ചത് മഹാകവി കുമാരനാശാനാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠം സംഘടിപ്പിച്ച പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനെ സ്തുതിച്ച് കുമാരനാശാൻ രചിച്ച ഗുരുസ്തവം ലക്ഷക്കണക്കിന് ഭക്തർ നിത്യേന ആലപിക്കുന്നു. ഗുരുവിലെ ഈശ്വരീയ ഭാവം ഉയർത്തിക്കാട്ടുന്ന പ്രാർത്ഥനയാണിതെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. പരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയുടെ കോപ്പി ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദയ്ക്ക് നൽകി സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു. ശതാബ്ദിയാചരണ കവിതാരചന മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. സ്വാമി സുകൃതാനന്ദ, സ്വാമി അസംഗാനന്ദഗിരി ഡോ. എം. ജയരാജു, ഷോണി ജെ. ചെറുവിള, പ്രൊഫ. സനൽകുമാർ, ഇ.എം. സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു. കോഓർഡിനേറ്റർ മാരായ വെട്ടൂർ ശശി, അജയകുമാർ എസ്. കരുനാഗപ്പള്ളി എന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |