
തിരുവനന്തപുരം: എസ്.എം.എ ബാധിച്ച കുട്ടികൾക്ക് ജനറിക് മരുന്ന് നൽകിയതിലെ ആക്ഷേപത്തിൽ വെട്ടിലായി സി.പി.എം. ജനറിക് മരുന്നുകൾ പ്രോത്സാഹിപ്പിക്കണമെന്ന പാർട്ടി നിലപാടിന് വ്യത്യസ്തമായി നേതാക്കളുടെ നിലപാടുകൾ വ്യാഖ്യാനിക്കപ്പെട്ടതാണ് പ്രശ്നമായത്..
വൻകിട കോർപ്പറേറ്റ് മരുന്ന് ഉൽപ്പാദന കമ്പനികളുടെ കൊള്ള ചെറുക്കാൻ ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കണമെന്നാണ് സി.പി.എം നിലപാട്. എസ്.എം.എ ബാധിച്ച കുട്ടികൾക്ക് നൽകിയ മരുന്നുമായി ബന്ധപ്പെട്ട് വിവാദമുയർന്നപ്പോൾ തിടുക്കപ്പെട്ടാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സ.പി.എം നേതാക്കൾ പ്രതികരിച്ചത്.
ഇത് ജനറിക് മരുന്നിനെതിരെയാണെന്നും വിദേശ മരുന്ന് കമ്പനിയായ റോഷിനെ സഹായിക്കാനാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഇടതു സഹയാത്രികനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ഡോ. ബി. ഇക്ബാൽ, സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇന്ത്യൻ നിർമ്മിതവും വില കുറഞ്ഞതുമായ ജനറിക് മരുന്ന് നൽകാനുള്ള നീക്കത്തിനെതിരെയാണ് മൂന്ന് മുൻ ആരോഗ്യ മന്ത്രിമാർ നടത്തിയ വാർത്താസമ്മേളനമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. നാറ്റ്‌കോ കമ്പനിയിൽ നിന്ന് മരുന്ന് വാങ്ങാൻ എൽ.ഡി.എഫ് ഭരണ കാലത്ത് നടപടിക്രമങ്ങളിലേക്ക് നീങ്ങിയിരുന്നു. ഇതോടെ, സർക്കാരിനെതിരായ ആക്രമണത്തിന്റെ ദിശ മാറി.
ആശയ വൈരുദ്ധ്യമെന്ന് വ്യക്തമായതോടെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. വൻകിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാൻ ജനറിക് മരുന്നുകൾ
ആവശ്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും, , ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് കുട്ടികൾക്ക് നൽകിയതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. . പ്രതിപക്ഷത്തിന്റെ ആരോപണം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ പി.കെ.ശ്രീമതി പറഞ്ഞത്. ജനകീയ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായങ്ങൾ ചെവിക്കൊള്ളാത്തതും തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |