
തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതിയിൽ രാജ്യത്തിന് വഴികാട്ടിയായി കേരളം. സംസ്ഥാനത്ത് 2019ൽ തുടക്കമിട്ട സൗര പുരപ്പുറ സോളാർ പദ്ധതി ജനത്തെ സൗരോർജ്ജ പ്ളാന്റുകൾ വീടുകളിൽ സ്ഥാപിക്കുന്നതിലേക്ക് ആകർഷിച്ചു. ഈ മാതൃകയാണ് ദേശീയതലത്തിൽ പ്രധാനമന്ത്രി സൂര്യഘർ യോജന എന്ന പേരിൽ ഒരുകോടി വീടുകളിൽ പുരപ്പുറ സോളാർ എന്ന വിപ്ലവത്തിന് വഴിയൊരുക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളിൽ പദ്ധതിക്ക് വൻ സ്വീകാര്യതയാണ്.
പുരപ്പുറ സോളാർ സ്ഥാപിക്കാൻ സബ്സിഡി നൽകിയതും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്തുശതമാനം വാടകയായി വാങ്ങി കെ.എസ്.ഇ.ബിക്ക് വിട്ടുനൽകാനുള്ള പദ്ധതി ആവിഷ്കരിച്ചതും കേരളത്തിൽ പദ്ധതിയെ ആകർഷകമാക്കി. വീട്ടുപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിയിൽ നിന്ന് പണം വാങ്ങി ഗ്രിഡിലേക്ക് നൽകാനും പണം വേണ്ടെങ്കിൽ രാത്രിസമയത്ത് പകരം വൈദ്യുതി വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഈ ആശയങ്ങളാണ് സൂര്യഘർ യോജനയിലും നടപ്പാക്കുന്നത്. ദേശീയതലത്തിൽ നേരത്തെ സബ്സിഡിയും ബാങ്ക് വായ്പയും മാത്രമാണ് ആനുകൂല്യമായി നൽകിയിരുന്നത്.
ദേശീയ തലത്തിൽ ഒന്നാമത്
രണ്ടുവർഷത്തിനിടെ പുരപ്പുറ സോളാറിൽ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കേരളമാണ്. 99.97 ശതമാനം വളർച്ച. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് (75.26 ശതമാനം). മൂന്നാം സ്ഥാനത്ത് ഗുജറാത്ത് (60 ശതമാനം). കേരളത്തിൽ 2022ൽ 51,300 വീടുകളിലാണ് പുരപ്പുറ സോളാർ ഉണ്ടായിരുന്നത്. 2024ൽ ഇത് 1.52 ലക്ഷമായി വർദ്ധിച്ചു. സംസ്ഥാനത്തെ പകൽ വൈദ്യുതി ഉപഭോഗത്തിന്റെ 22ശതമാനവും പുരപ്പുറ സോളാറിൽ നിന്നാണ് കണ്ടെത്തുന്നത്. നിലവിൽ 2.52ലക്ഷം അപേക്ഷകളാണ് സൂര്യഘർ പദ്ധതിക്ക് സംസ്ഥാനത്തുള്ളത്.
രാജ്യത്തെ സോളാർ ഉത്പാദനം- 92,120 മെഗാവാട്ട്
പുരപ്പുറ സോളാർ ഉത്പാദനം- 12,400മെഗാവാട്ട്
രാജ്യത്ത് പുരപ്പുറ സോളാർ നടപ്പാക്കിയ വീടുകൾ- 6.16 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |