SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.37 PM IST

സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു, കലാ സൂര്യന്റെ നിര്യാണം തിരുവനന്തപുരത്ത്

soorya-krishnamoorthy
സൂര്യ കൃഷ്‌ണമൂർത്തി

തിരുവനന്തപുരം: സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ശബ്‌‌ദവും വെളിച്ചവും ചേർത്തുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ജനകീയമാക്കിയ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി വഴി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്‌മ രൂപീകരിച്ചതോടെയാണ് നടരാജ കൃഷ്‌ണമൂർത്തി സൂര്യ കൃഷ്‌ണമൂർത്തിയായി അറിയപ്പെട്ടത്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ അൽപംമുൻപാണ് അന്ത്യമുണ്ടായത്.

കോട്ടയത്ത് 1951 ഏപ്രിൽ 11നാണ് നടരാജ കൃഷ്‌ണമൂർത്തിയുടെ ജനനം. പിതാവ് മുൻ ചീഫ് എഞ്ചിനീയറായിരുന്ന പരേതനായ നടരാജ പിള്ള, മാതാവ് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തകയായിരുന്ന സി സരസ്വതി അമ്മ. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായ അദ്ദേഹം ഐഎസ്ആ‌ർഒയിൽ സീനിയ‌ർ സയന്റിസ്‌റ്റായി ജോലിനോക്കി. പിന്നീട് ജോലി രാജിവച്ചാണ് കലാരംഗത്ത് സജീമായത്.

നാടകകൃത്ത്, വാഗ്‌മി, സംവിധായകൻ എന്നീ നിലയിൽ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വമായ സൂര്യ കൃഷ്‌ണമൂർ‌ത്തി ഇന്ത്യയിലാകെ 10,000ലധികം ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ നടത്തി. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകളുടെയും ആദരത്തിന് അർഹനായിട്ടുണ്ട് സൂര്യ കൃഷ്‌ണമൂർത്തി. രംഗകലയ്‌ക്കും സംവിധാനത്തിനും രാഷ്‌ട്രപതിയുടെ ദേശീയ പുരസ്‌കാരം 1996ൽ അദ്ദേഹത്തെ തേടിയെത്തി. തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്കാരം, 2023ൽ കേരളപ്രഭ പുരസ്‌കാരം നേടി. ഓപ്പൺ എയർ തീയേറ്ററായ നാടകകളരി ഗണേശം തിരുവനന്തപുരം തൈക്കാട് അദ്ദേഹം സ്ഥാപിച്ചു. ഇവിടെ അമച്വർ നാടകഗ്രൂപ്പുകൾക്ക് സൗജന്യമായി പരിശീലനത്തിന് ഇടം നൽകിവന്നിരുന്നു.

മാധവ് രാംദാസൻ സംവിധാനം ചെയ്‌ത മേൽവിലാസം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സൂര്യ കൃഷ്‌ണമൂർത്തിയാണ്. ചായക്കഥകൾ,​ എന്റെ രക്ഷകൻ,​ മേൽവിലാസം എന്നീ പ്രശസ്‌ത കൃതികളുടെ രചയിതാവുമാണ് അദ്ദേഹം. കേരളസംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary

Renowned theatre artist and former Sangeet Natak Akademi chairman Soorya Krishnamoorthy has passed away at the age of 75. He was a pioneering artist who popularised light-and-sound shows in Kerala about three decades ago, combining theatrical performances with innovative lighting and sound.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #SOORYAKRISHNAMOORTHY, #THEATREARTIST, #PASSEDAWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA