
തിരുവനന്തപുരം: അണുബാധകളെ ചെറുത്ത് അസ്ഥികളെ പുനരുജ്ജീവിപ്പിക്കുന്ന ഉത്പന്നങ്ങൾ വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. അപകടങ്ങളിൽപ്പെട്ടവർക്കും അണുബാധ സംഭവിച്ചവർക്കും എല്ല് നീക്കം ചെയ്യേണ്ടതരത്തിൽ ഗുരുതരമായ പ്രശ്നങ്ങളുള്ളവർക്കും ആശ്വാസമായ കൃത്രിമ അസ്ഥിയാണ് ഇതെന്ന് ബയോമെഡിക്കൽ ടെക്നോളജി വിഭാഗം തലവൻ ഡോ. ഹരികൃഷ്‌ണ വർമ്മ പറഞ്ഞു. അസ്ഥികളിലെ അണുബാധ,ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും അസ്ഥിയെടുത്ത് ഘടിപ്പിക്കുകയാണ് ഇപ്പോഴുള്ള രീതി. അണുബാധയുണ്ടാകുന്ന അസ്ഥികൾ നശിക്കാനും സാദ്ധ്യതയേറെയാണ്. ഇത്തരം ഭീഷണികൾക്കുള്ള പരിഹാരമാണ് പുതിയ ഉത്പന്നമെന്ന് ന്യൂറോസർജറി വിഭാഗം പ്രൊഫസർ എച്ച്.വി ഈശ്വർ,സയിന്റിസ്റ്റുമാരായ ഡോ.മനോജ് കോമത്ത്,ഡോ.ഫ്രാൻസിസ് ഫെർണാണ്ടസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശസ്ത്രക്രിയാ വേളയിലാണ് മരുന്ന് നിറച്ച ഉത്പന്നങ്ങൾ ശരീരത്തിൽ നിക്ഷേപിക്കുന്നത്. ഇങ്ങനെ അണുബാധയുള്ള ഭാഗത്ത് 20 ദിവസം വരെ മരുന്ന് അല്പാല്പമായി നിക്ഷേപിക്കപ്പെടുന്നു. തുടർന്ന് മനുഷ്യന്റെ അസ്ഥിയിലെ അതേ ധാതുക്കൾകൊണ്ട് നിർമ്മിച്ച കൃത്രിമഅസ്ഥി ശരീരത്തിലെ അസ്ഥിയുമായി അലിഞ്ഞുചേരും.
ശ്രീചിത്രയുടെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ ഗവേഷണസംഘം വികസിപ്പിച്ച ബോണിക്സ് (BONYX),കാസ്‌പ്രോ ( CASPRO) എന്നീ ഉത്‌പന്നങ്ങൾ മീററ്റിലെ ഒനീക്സ് മെഡിക്കൽസ് എന്ന കമ്പനിയാണ് ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. ഉത്പന്നങ്ങൾ 24ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരുന്നു. 8000 മുതൽ 14000 രൂപയാണ് ഉത്പന്നങ്ങളുടെ വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |