
കൊല്ലം: തൊഴിൽ പരിശീലനം അടക്കമുള്ള കോഴ്സുകളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കുടുംബശ്രീയുമായി ഒരുമാസത്തിനുള്ളിൽ ധാരണാപത്രം ഒപ്പിടും.
അംഗങ്ങൾക്കായി കുടുംബശ്രീ നിരവധി കോഴ്സുകൾ നടത്തുന്നുണ്ടെങ്കിലും തൊഴിലിനോ ഉപരിപഠനത്തിനോ പ്രയോജനപ്പെടുന്ന തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. അഡ്മിഷൻ, ക്ലാസ്, പരീക്ഷ എന്നിവയുടെ നടത്തിപ്പ് ഓപ്പൺ യൂണിവേഴ്സിറ്റിക്കായിരിക്കും. പഠിപ്പിക്കാൻ കുടുംബശ്രീയുടെ ഇപ്പോഴത്തെ പരിശീലകർക്ക് പുറമേ യൂണിവേഴ്സിറ്റി അദ്ധ്യാപകരുമുണ്ടാകും. ഫീസ് കുടുംബശ്രീ വഹിക്കും. കുടുംബശ്രീയും യൂണിവേഴ്സിറ്റിയും സംയുക്തമായി കോഴ്സിനും സിലബസിനും രൂപം നൽകും. ആദ്യം സ്ത്രീശാക്തീകരണം സംബന്ധിച്ച കോഴ്സും തുടർന്ന് തൊഴിൽ പരിശീലന കോഴ്സുകളും ആരംഭിക്കാനാണ് ആലോചന.
45 ലക്ഷത്തിലധികം വരുന്ന കുടുംബശ്രീ അംഗങ്ങളെ വിവിധ കോഴ്സുകളിൽ പഠിതാക്കളാക്കും. ആദ്യഘട്ടത്തിൽ കോഴ്സിൽ ചേരുന്നതിന് പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതകളുണ്ടാകില്ല. കുടുംബശ്രീ റിസോഴ്സ് പേഴ്സൺ അടക്കമുള്ള നിയമനങ്ങൾക്ക് ഭാവിയിൽ ഈ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കും.
ബിരുദധാരികളാക്കും
കുടുംബശ്രീ സ്പോൺസർഷിപ്പിൽ അംഗങ്ങളെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥകളാക്കാനും ചർച്ച നടക്കുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ബി.എ നാനോ ഓൺട്രപ്രണർഷിപ്പ് കോഴ്സ് പഠിപ്പിക്കാനാണ് ആലോചിക്കുന്നത്. കോഴ്സിന്റെ സിലബസ് കുടുംബശ്രീ പരിശോധിക്കുകയാണ്.
മറ്റ് സർവകലാശാലകളിൽ വിദ്യാർത്ഥികൾ അങ്ങോട്ട് ചെല്ലുകയാണ്. ഓപ്പൺ സർവകലാശാല ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ വിദ്യാർത്ഥികളാക്കുകയാണ്. കുടുംബശ്രീ അംഗങ്ങൾക്കുള്ള കോഴ്സിന്റെ ധാരണാപത്രം വൈകാതെ ഒപ്പിടും
ഡോ. വി.പി. ജഗതിരാജ്( വൈസ് ചാൻസലർ, ഓപ്പൺ യൂണിവേഴ്സിറ്റി)
നിയമസഭാ പുസ്തകോത്സവത്തിൽകുടുംബശ്രീയും
തിരുവനന്തപുരം: ഈ ഏഴിന് കേരള നിയമസഭാ അങ്കണത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര പുസ്കോത്സവവുമായി കുടുംബശ്രീ കൈകോർക്കുന്നു. പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവർഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദർശിക്കാനും അവസരമൊരുക്കും. ഭക്ഷ്യ നിർമാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ആരംഭിച്ച അദേബാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് പുസ്കോത്സവത്തിന്റെ ഭാഗമായ ഫുഡ്കോർട്ട് സജീകരിക്കുന്നത്.
അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ വിഭവമായ വനസുന്ദരി, പാലക്കാടുനിന്നുള്ള രാമശേരി ഇഡലി, മലബാർ രുചിക്കൂട്ടുകൾ, ട്രാൻസ്ജെൻഡേർസ് ജ്യൂസ് കൗണ്ടർ, കുട്ടനാടൻ വിഭവങ്ങൾ, ദോശമേള, പിടിയും കോഴിയുമടങ്ങുന്ന ഇടുക്കി ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങിയവയാണ് ഏഴ് സ്റ്റാളുകളിലായി കുടുംബശ്രീ ഒരുക്കുന്നത്.
പാറപ്പുറത്ത് അനുസ്മരണവും പുസ്തകചർച്ചയും
തിരുവനന്തപുരം: ശ്രേഷ്ഠസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പാറപ്പുറം അനുസ്മരണവും കെ.ജയകുമാറിന്റെ എഴുത്തച്ഛൻ എഴുതുമ്പോൾ എന്ന പുസ്തക ചർച്ചയും കഥാകൃത്ത് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു.ഡോ.വിളക്കുടി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജയകുമാർ മറുപടി പ്രസംഗം നടത്തി.ഡോ.അച്യുത് ശങ്കർ പുസ്തകം അവതരിപ്പിച്ചു. സുദർശൻ കാർത്തികപ്പറമ്പിൽ,രാജീവ് ഗോപാലകൃഷ്ണൻ, ജി.ഹരി,ഡോ.പി.കെ.സുരേഷ് കുമാർ,ഇ.കെ.സുഗതൻ,ശരചന്ദ്രലാൽ,ജോൺസൺ റോച്ച്,രവി മടവൂർ,ശ്രീകല ചിങ്ങോലി,ജയൻ സി.നായർ എന്നിവർ സംസാരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി ജേതാവായ കെ.ജയകുമാറിനെ ചടങ്ങിൽ സാംസ്കാരിക പ്രവർത്തകർ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |