
തിരുവനന്തപുരം: ''പുഴയോരത്തെ പൂഴിമണ്ണിൽ നിങ്ങളുടെ പാദമുദ്രകൾ ആഴത്തിൽ പതിയട്ടെ, പകൽക്കിളികളുടെ തളർന്ന ചിറകുകളിൽ തങ്ങിനിൽക്കുന്ന പോക്കുവെളിച്ചം നിങ്ങൾക്കു കൂട്ടാകട്ടെ. തോണിയുന്തി നദിയിലേക്കിറങ്ങുക, കൈക്കുമ്പിളിൽ നീർപകർന്ന് മൂന്നുരു തലയ്ക്കുഴിഞ്ഞ് മുകളിലേക്കെറിഞ്ഞ ശേഷം വള്ളത്തിൽ കയറുക. തിരക്കൈകൾ ഒരു തൂവലിനെയെന്നപോലെ നിങ്ങളുടെ തോണിയെ ഏറ്റുവാങ്ങും...'' 'നദീമദ്ധ്യത്തിലെത്തും വരെ' എന്ന കഥയിലെ വരികളാണിത്. ഇങ്ങനെ ഒഴുക്കുള്ള ഭാഷയിലാണ് ശ്രീവരാഹം ബാലകൃഷ്ണൻ കഥകൾ എഴുതിയത്.
എഴുതുക എഴുതിക്കൊണ്ടേയിരിക്കുക. പ്രശസ്തിയും പ്രശംസയുമൊക്കെ പ്രതീക്ഷിക്കാതിരിക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി.
മലയാളത്തിലെ മിക്കവാറും പ്രസിദ്ധീകരണങ്ങളിൽ ശ്രീവരാഹം കഥകളെഴുതി. 93-ാം വയസിലും പേനയും പേപ്പറുമായി തൈക്കാട്ടെ 'ചിത്ര'യിലിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിദ്ധീകരണമായ 'സന്നിധാന'ത്തിലാണ് അവസാന നാളുകളിൽ എഴുതിയിരുന്നത്.
നവതി ആഘോഷിക്കാനായി ബന്ധുക്കളും ശിക്ഷ്യരുമൊക്കെ താത്പര്യം കാട്ടിയെങ്കിലും ശ്രീവരാഹം വഴങ്ങിയില്ല. എഴുത്തും വായനയുമായി കഴിഞ്ഞുകൂടി.
സ്വാതിതിരുനാളിന്റെ ജീവിതത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സിനിമയൊരുക്കാൻ തീരുമാനിച്ചപ്പോൾ തിരക്കഥ എഴുതാൻ സമീപിച്ചത് ശ്രീവരാഹം ബാലകൃഷ്ണനെ. സ്വാതിതിരുനാളിന്റെ അധികമാരും അറിയാത്ത ഭൂതകാലത്തിലേക്ക് അദ്ദേഹം സഞ്ചരിച്ചു. 1987ൽ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും ചർച്ചയാകുന്നതും അതുകൊണ്ടുതന്നെ. 'ഈടും ഭംഗിയുമാണ് ഹാന്റക്സിന്റെ ഊടും പാവും" എന്ന പരസ്യവാചകം ഹാന്റക്സിനു വേണ്ടി എഴുതിയതും ശ്രീവരാഹം തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |