
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനെ തുടർന്ന് മരിച്ച കേസിൽ ഉത്തരവാദികളായവരെ രക്ഷിക്കാൻ അദ്ധ്യാപക സംഘടന രംഗത്തെന്ന് പരാതി.
മുൻ ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന ഡോ.ആർ.കാന്തനാഥൻ എന്നിവരെ രക്ഷിക്കാൻ സിപിഎം സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള (ടി.ഒ.വി.യു.കെ) പണപ്പിരിവ് നടത്തുകയാണെന്ന് സിദ്ധാർത്ഥന്റെ അമ്മാവൻ എം.ഷിബു ആരോപിച്ചു. ഇവരുടെ സസ്‌പെൻഷൻ റദ്ദ് ചെയ്യാനുള്ള നിയമസഹായത്തിനായി 2000 രൂപ വീതം അദ്ധ്യാപകരിൽ നിന്നും പിരിവെടുക്കുകയാണ്.
പണപ്പിരിവിൽ സംഘടനയ്ക്കുള്ളിലും എതിർപ്പുള്ളതായി സൂചനയുണ്ട്. കഴിഞ്ഞ മാസം സർവകലാശാലയിൽ ചേർന്ന മാനേജ്‌മെന്റ് കൗൺസിൽ യോഗത്തിലാണ് ഇവരെ തിരിച്ചെടുത്തത്. . സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് തിരിച്ചെടുക്കാൻ തീരുമാനമായത്. എന്നാൽ സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഈ തീരുമാനം ഗവർണർ മരവിപ്പിക്കുകയായിരുന്നു.
സിദ്ധാർത്ഥിന്റെ മരണത്തിൽ കോളജിലെ 19 വിദ്യാർത്ഥികളാണ് പ്രതികൾ. കേസിൽ പെട്ടതോടെ പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുമതി നൽകിയതിനെ തുടർന്നാണ് പരീക്ഷയെഴുതാൻ കഴിഞ്ഞത്. എന്നാൽ ഇവരുടെ ഫലം പ്രസിദ്ധീകരിക്കില്ലെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ (20) സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |