
ആലപ്പുഴ: ' ദാ... ആ നടന്നുപോകുന്നതാണ് ശിവരാമക്കുറുപ്പിന്റെ മകൻ സുകുമാരൻ. ഗൾഫിൽ നിന്ന് വന്നതാണ്....'' വഴിയിലൂടെ നടന്നുപോയ സുകുമാരക്കുറുപ്പിനെ ചൂണ്ടിക്കാട്ടി വീട്ടുമുറ്റത്ത് നിന്ന് അച്ഛൻ രാമകൃഷ്ണൻ പറഞ്ഞപ്പോഴാണ് പതിനെട്ടുകാരി രത്നമ്മ ആ ചെറുപ്പക്കാരനെ അടുത്തുകണ്ടത്. രണ്ടു ദിവസത്തിനുശേഷം കേട്ടത് സുകുമാരക്കുറുപ്പിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയെന്ന വാർത്ത. ആ ചെറുപ്പക്കാരന്റെ മുഖം വേദനയോടെ രത്നമ്മയുടെ മനസ്സിൽ പതിഞ്ഞു. വൈകാതെ ചാക്കോവധക്കേസും കുറുപ്പിന്റെ തിരോധാനവും വാർത്തകളിൽ നിറഞ്ഞു.
1984 ജനുവരി 21ന് ആയിരുന്നു കൊലപാതകം.
1988ൽ സുകുമാരക്കുറുപ്പിനെ ബൊക്കാറോയിൽവച്ച് നേരിൽ കണ്ടിരുന്നു എന്നാണ് രത്നമ്മ പറയുന്നത്. ഓരോ തവണ ക്രൈ ബ്രാഞ്ച് കേസ് പുനരന്വേഷിക്കുമ്പോഴും രത്നമ്മയുടെ മൊഴി രേഖപ്പെടുത്തും. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിന് പിന്നാലെ പുനരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് സംഘങ്ങൾ വീണ്ടും മൊഴിയെടുത്തു.
കണ്ടത് ഐ.സി.യുവിൽ
1988ലെ ഒരു പകൽ. രത്നമ്മ ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സിറ്റിയിലെ ജനറൽ ആശുപത്രിയിൽ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി. മലയാളം സംസാരിക്കുന്ന രോഗിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സീനിയർ വിദ്യാർത്ഥിയിൽ നിന്ന് അറിഞ്ഞു. മലയാളി രോഗിയെ കാണാനുള്ള കൗതുകം കൊണ്ട് ഐ.സി.യുവിൽ ചെന്നു. ആശുപത്രി രേഖകളിൽ പേര് ജോഷി.അടുത്തേക്ക് ചെന്നപ്പോൾ
കണ്ടത് മനസിൽ പതിഞ്ഞ സുകുമാരക്കുറുപ്പിന്റെ അതേ രൂപം. താടിയുയുണ്ട്. ചെങ്ങന്നൂരാണ് വീടെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. കേരളത്തിൽ പോകാറുണ്ടെന്നും ആലപ്പുഴയും ചെങ്ങന്നൂരും അറിയാമെന്നും 'ജോഷി'യുടെ മറുപടി. ചെറിയനാട് ശിവരാമക്കുറുപ്പിന്റെ വീടിനടുത്താണ് വീടെന്ന് പറഞ്ഞതും അയാൾ ഞെട്ടി. മുഖഭാവം മാറി. പിന്നൊന്നും മിണ്ടിയില്ല.രത്നമ്മ ക്ലാസിലേക്ക് മടങ്ങി. സുകുമാരക്കുറുപ്പാണെന്ന് ഉറപ്പായി. പക്ഷേ ആരോടും പറയാനുള്ള ധൈര്യമില്ലായിരുന്നു. വൈകിട്ട് ഐ.സി.യുവിൽ വീണ്ടും പോയി. ജോഷിയെ വാർഡിലേക്ക് മാറ്റിയെന്നും അതിനുശേഷം കാണാതായെന്നും അറിഞ്ഞു. അതോടെ അതു സുകുമാരക്കുറുപ്പാണെന്ന വാർത്ത പരന്നു. അടുത്തയാഴ്ച ക്രൈംബ്രാഞ്ച് ആശുപത്രിയിലെത്തി. അപ്പോൾ രത്നമ്മ ലീവിന് നാട്ടിലായിരുന്നു. ചെറിയനാട് ചിങ്ങോലിയിലെത്തിയാണ് ആദ്യമായി രത്നമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. സുകുമാരക്കുറുപ്പിനെ കണ്ടതായി താൻ പൊലീസിന് കത്തയച്ചിരുന്നു എന്ന പ്രചരണം രത്നമ്മ നിഷേധിച്ചു. കഴിഞ്ഞ മാർച്ചിൽ ബൊക്കാറോ ജനറൽ ആശുപത്രിയിൽ നിന്ന് നഴ്സിംഗ് സൂപ്പർവൈസറായി വിരമിച്ചശേഷം ഭർത്താവ് ശിവരാജനൊപ്പം ചിങ്ങോലിയിലെ ചാപ്രയിൽ പടീറ്റതിൽ വീട്ടിലാണ് താമസം. മക്കൾ:അഭിരാജ്, സുഭദ്ര.
കൊലയാളി ശിക്ഷിക്കപ്പെടണം: ചാക്കോയുടെ മകൻ
'ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. 42 വർഷമായ കേസിൽ പ്രതി പിടിക്കപ്പെടുമോ എന്നതിൽ സംശയമുണ്ട് 'സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ തത്തംപള്ളി ആലപ്പാട്ട് കണ്ടത്തിൽ ചാക്കോയുടെ മകൻ ജിതിൻ ചാക്കോ (42) പറയുന്നു.
ഏതൊരു മകനും ആഗ്രഹിക്കുന്നതുപോലെ അച്ഛന്റെ കൊലയാളി ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് തന്റെയും ആഗ്രഹം. കുട്ടിക്കാലം മുതൽ കേൾക്കുന്ന കഥകളൊക്കെത്തന്നെയാണ് വീണ്ടും പുറത്തുവരുന്നത്. നഴ്സായ രത്നമ്മ പറഞ്ഞ കാര്യങ്ങൾ നേരത്തെ അറിഞ്ഞവയാണ്. കേസിന്റെ ഭാഗമായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടില്ല. പുനരന്വേഷിക്കുമ്പോൾ പുതിയ കണ്ടെത്തലുകൾ ഉണ്ടാകുമോ എന്ന് കാത്തിരിക്കാം. പ്രതി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത സാഹചര്യമാണിപ്പോൾ. കേസിന്റെ ഗതി എന്താകുമെന്ന് അറിയില്ലെന്നും ജിതിൻ ചൂണ്ടിക്കാട്ടി. ഭാര്യ ശാന്തമ്മ ജിതിനെ ആറുമാസം ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ചാക്കോ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |