
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. മൂന്നാഴ്‌ചയ്‌ക്കകം ഇതിനുള്ള സമയക്രമം നിശ്ചയിച്ച് അതിവേഗത്തിൽ നടപ്പാക്കും. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ അഞ്ച് സെന്റ് വീതവും, മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ് ടൗൺഷിപ്പിൽ 10 സെന്റ് വീതവും ഭൂമി നൽകും.. ഭൂമിവിലയിലെ വ്യത്യാസം അടിസ്ഥാനമാക്കിയാണിത്.
രണ്ടിടത്തും 1000 ചതുരശ്രയടിയുള്ള ക്ലസ്റ്റർ രൂപത്തിൽ വീടുകളുണ്ടാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറും ഏറ്റെടുക്കും. ടൗൺഷിപ്പുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ദുരിതബാധിതർക്കാണെങ്കിലും ഉടനടി കൈമാറ്റം ചെയ്യാനാവില്ല.
ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ താത്പര്യമറിയിച്ചവർക്ക് 15 ലക്ഷം നൽകും. കോഴിക്കോട് വിലങ്ങാട്ടെ ദുരന്തബാധിതർക്കും ഈ തുക നൽകും. ദുരന്തബാധിതരുടെ അന്തിമപട്ടിക 25നകം പുറത്തിറക്കും. വീട് തകർന്നവർക്കാണ് ആദ്യമുൻഗണന. ഭൂമി വാസയോഗ്യമല്ലാതായവർക്കാണ് അടുത്തത്. ഇവർക്കുള്ള വീടുനിർമ്മാണം ഒരുമിച്ചായിരിക്കും.
എത്രവീടുകൾ വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മന്ത്രിസഭാതീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആവശ്യമായ വീടുകൾക്ക് ഇത്രയും സ്ഥലം മതിയാവില്ല. ഏറ്റെടുക്കുന്നത് കഴിഞ്ഞുള്ള ഭൂമിയിൽ പ്ലാന്റേഷൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടിയ ഭൂമിയുടെ ഉടമസ്ഥാവകാശവും ദുരന്തബാധിതർക്കായിരിക്കും. അവിടം വനപ്രദേശമാകാതിരിക്കാൻ കളക്ടീവ് ഫാമിംഗ് പരിഗണനയിലാണ്. ടൗൺഷിപ്പുകളിൽ വിനോദസൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി-കുടിവെള്ള-ശുചിത്വ സംവിധാനങ്ങൾ എന്നിവയുണ്ടാവും.
ഊരാളുങ്കൽ നിർമ്മിക്കും
ടൗൺഷിപ്പ് പദ്ധതിയുടെ ഭരണനിയന്ത്രണം ദുരന്തനിവാരണ വകുപ്പിനാണ്. ഊരാളുങ്കലിനാണ് നിർമ്മാണച്ചുമതല. കിഫ്ബി സമർപ്പിച്ച വിശദമായ പദ്ധതിരേഖ മന്ത്രിസഭ ചർച്ചചെയ്തു. എസ്റ്റിമേറ്റ് ഉടൻ തയ്യാറാവും.
മുഖ്യമന്ത്രി അദ്ധ്യക്ഷനായ വയനാട് പുനർനിർമ്മാണസമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ ഏകോപന സമിതിയും കളക്ടറുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുമുണ്ട്. സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കേണ്ടത് ചീഫ്സെക്രട്ടറിയുടെ സമിതി.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാന സ്പോൺസർമാരും മന്ത്രിമാരുമുള്ള ഉപദേശക സമിതിയുമുണ്ട്. കരാർ രേഖകൾ പരിശോധിച്ചുറപ്പിക്കേണ്ടത് ചീഫ്സെക്രട്ടറി.
38 സ്പോൺസർമാർ 100ലേറെ വീട് നൽകും
നൂറിലധികം വീടുകൾ വാഗ്ദാനം ചെയ്ത 38സ്പോൺസർമാരുണ്ട്. ടൗൺഷിപ്പിന്റെ മാതൃക സ്പോൺസർമാരുടെ യോഗത്തിൽ അവതരിപ്പിച്ചു. സ്പോൺസർമാർക്കായി വെബ്പോർട്ടലുണ്ട്. ഇതിലൂടെ നിർമ്മാണം വിലയിരുത്താം. സ്പോൺസർഷിപ്പ് തുക സ്വീകരിക്കാൻ മാത്രമായൊരു ബാങ്ക് അക്കൗണ്ടുണ്ടാവും.
ഉപജീവനമാർഗം
മൃഗസംരക്ഷണം-------79
കാർഷികവൃത്തി-----192
സൂക്ഷ്മസംരംഭം--------1034
മറ്റുമാർഗ്ഗങ്ങൾ--------585
(മൈക്രോപ്ലാൻ സർവേയിൽ കണ്ടെത്തിയത്)
ആശ്രയം വേണ്ട കുടുംബങ്ങൾ
സ്ത്രീകൾ മാത്രമുള്ളത്----------84
വിധവകൾ മാത്രമുള്ളത്-------38
കുട്ടികൾ മാത്രമായത്-----------03
വയോജനങ്ങൾ മാത്രം------------04
ഒരംഗം മാത്രമായത്----------------87
'സാദ്ധ്യമായ വേഗത്തിൽ പുനരധിവാസം പൂർത്തിയാക്കും. ജനവാസം സാദ്ധ്യമല്ലാത്ത മേഖല അടയാളപ്പെടുത്തും. തർക്കം അനുവദിക്കില്ല".
- പിണറായി വിജയൻ, മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |