SignIn
Kerala Kaumudi Online
Thursday, 23 July 2026 5.04 PM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ്: പ്രതി വീണ്ടും അറസ്റ്റിൽ, പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തത് ഇൻസ്റ്റഗ്രാമിൽ നിന്ന്

READ ENGLISH VERSION
ebel
എബേൽ അഗസ്റ്റിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: സഹപാഠികളായ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയായ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ പ്രതി എബേൽ അഗസ്റ്റിനെ പൊലീസ് വീണ്ടും അറസ്റ്റുചെയ്തു. മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ നേരത്തേ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് അറസ്റ്റ്.

നിരവധി പെൺകുട്ടികൾക്ക് ഇയാളിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും സീനിയർ വിദ്യാർത്ഥികൾ മാത്രമാണ് ഇപ്പോൾ പരാതിനൽകിയിരിക്കുന്നത് . വരും ദിവസങ്ങളിൽ കൂടുതൽപ്പേർ ഇയാൾക്കെതിരെ പരാതി നൽകിയേക്കും. ആദ്യം അറസ്റ്റിലായ പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് വിദ്യാർത്ഥികൾ ഇന്നലെ രാത്രി മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.

ഫോണിൽ ഇയാൾ പെൺകുട്ടികളുടെ ചിത്രം പകർത്തി പ്രചരിപ്പിക്കുന്നത് പതിവായതോടെയാണ് പരാതി നൽകിയത്. 13 സീനിയർ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അവരുടെ അനുവാദമില്ലാതെ എടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ആദ്യം പരാതിയുമായി രണ്ട് പെൺകുട്ടികളാണ് എത്തിയത്. ഇതിൽ ഒരു പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജാമ്യം ലഭിച്ചെന്ന് അറിഞ്ഞതോടെ ഏഴ് പെൺകുട്ടികൾ പരാതിയുമായി ഇന്നലെ സ്‌റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ പൊലീസ് എഫ്.ഐ.ആർ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നിസാര വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന് ഇവർ ആരോപിച്ചു.


പരാതികൾക്ക് ഒരേ സ്വഭാവമാണെന്നും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. ഒറ്റ കുറ്റകൃത്യമായതിനാൽ ഒരു എഫ്.ഐ.ആറിൽ അന്വേഷണം തുടരാമെന്നും മറ്റ് പരാതികൾ കൂടി ഇതോടൊപ്പം ഉൾപ്പെടുത്താമെന്നും അറിയിച്ച പൊലീസ് ഇവരെ മടക്കി അയച്ചു. ഇതുകൂടാതെ പെൺകുട്ടികളെ പരിഹസിക്കുകയും അവരുടെ ഫോട്ടോ എടുത്തെന്നും ആരോപണമുണ്ട്.

ഏഴ് പരാതികളിലും വ്യത്യസ്ത എഫ്.ഐ.ആർ ഇട്ട് കേസെടുക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. തുടർന്ന് രാത്രിയോടെ പരാതിക്കാരും എസ്.എഫ്.ഐ പ്രവർത്തകരും സ്‌റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ രാത്രിയായതിനാൽ പരാതി സ്വീകരിക്കാനും എഫ്.ഐ.ആർ ഇടാനുമാകില്ലെന്ന നിലപാട് പൊലീസ് തുടർന്നതോടെ ക്ഷുഭിതരായ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിയുമായി സ്‌റ്റേഷൻ വളയുകയായിരുന്നു.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യം പൊലീസ് പകർത്തിയതോടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ എല്ലാ പരാതികളിലും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് പൊലീസ് സമ്മതിച്ചതിനെ തുടർന്ന് 12.45ഓടെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

English Summary

Abel Augustine, an MBBS student, has been re-arrested for morphing female classmates' photos with obscene captions and spreading them online. He had previously secured bail, which sparked student protests accusing police negligence for filing minor charges and initially refusing separate FIRs for multiple victims. Police later agreed to register individual cases after the demonstration by students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM MEDICAL COLLEGE, MORPHING CASE KERALA, ACCUSED ARRESTED, THIRUVANANTHAPURAM NEWS, MEDICAL COLLEGE MORPHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA