
കൊച്ചി: മെഗാ നൃത്തസന്ധ്യയ്ക്കിടെ സ്റ്റേജിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നല്ല പുരോഗതിയുള്ളതിനാൽ ഇന്നോ നാളെയോ വെന്റിലേറ്റർ മാറ്റിയേക്കും. സ്വമേധയാ ആണ് കൂടുതലും ശ്വാസോച്ഛ്വാസം. അതുസാധിക്കാതെ വരുമ്പോൾ മാത്രം ഓട്ടോമാറ്റിക്കായി വെന്റിലേറ്റർ സപ്പോർട്ടിലാകും.
ഇന്നലെ രാവിലെ കട്ടിലിലെ ഹെഡ് റെസ്റ്റിന്റെ സഹായത്തോടെ ഇരുന്നു. മക്കളായ വിവേകും വിഷ്ണുവുമായി ആശയവിനിമയം നടത്തി. എം.എൽ.എ ഓഫീസിലെ കാര്യങ്ങളും വീട്ടിലെ അറ്റകുറ്റപ്പണികളെക്കുറിച്ചും എഴുതിച്ചോദിച്ചു. മറുപടിയും എഴുതി നൽകി. പാലാരിവട്ടം പൈപ്പ് ലൈനിന് സമീപത്തെ വീട് തറയോടെ ഉയർത്തുന്ന പണി അവസാന ഘട്ടത്തിലാണ്.
വീണ്ടും കയറി താമസിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അതേക്കുറിച്ചായിരുന്നു ചോദിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |